കുന്നിന്‍ചെരിവിലൂടെ ഒഴുകിയെത്തിയ 'മദ്യപ്പുഴ'; വീഞ്ഞ് പ്രളയത്തില്‍ ചുവന്നുതുടുത്ത് പോര്‍ച്ചുഗല്‍; സെര്‍ട്ടിമ ആകമാനം ചുവപ്പിച്ച് വൈറലായി 'വൈന്‍ നദി', വീഡിയോ കാണാം

കഥകളില്‍ മാത്രം കേട്ടിട്ടുള്ള മദ്യപ്പുഴ കണ്‍മുന്നിലൂടെ ഒഴുകിയാലോ! നീന്തിത്തുടിക്കണമെന്നാവും മദ്യപന്‍മാരുടെ ആഗ്രഹം. അത്തരത്തില്‍ ഒരു പുഴ തന്നെ പോര്‍ച്ചുഗലിലെ സാവോ ലോറെന്‍കോ ഡി ബെയ്റോയില്‍ ഞായറാഴ്ച രൂപപ്പെട്ടു. സാവോ ലോറെന്‍കോ ഡി ബെയ്റോ നഗരത്തിലെ ഒരു കുന്നിന്‍ചെരിവില്‍ നിന്ന് ചുവന്ന നിറത്തിലുള്ള വൈന്‍, നദി പോലെ ഒഴുകിയെത്തിയത് കണ്ട് സമീപവാസികള്‍ക്ക് ആദ്യം വിശ്വസിക്കാനായില്ല.

നഗരത്തിലെ ലെവിറ ഡിസ്റ്റിലറിയില്‍ സൂക്ഷിച്ചിരുന്ന 2.2 ദശലക്ഷത്തിലധികം ലിറ്റര്‍ റെഡ് വൈന്‍ ടാങ്കുകള്‍ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതാണ് മദ്യപ്പുഴയ്ക്ക് കാരണമായത്. പട്ടണത്തിലെ പാതകളിലൂടെ ഒഴുകിയ വൈന്‍ നദിയുടെ വീഡിയോകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. തുടര്‍ന്ന് സെര്‍ട്ടിമ നദിയിലേക്ക് ദശലക്ഷക്കണക്കിന് ലിറ്റര്‍ വൈന്‍ ഒഴുകിയെത്തിയതോടെ, സെര്‍ട്ടിമ ആകമാനം ചുവപ്പ് നിറത്തിലായി.


ഒഴുകിയെത്തിയ വൈന്‍ ഡിസ്റ്റിലറിക്ക് സമീപമുള്ള ഒരു വീടിന്റെ ബേസ്മെന്റില്‍ വെള്ളപ്പൊക്കത്തിന് സമാനമായ പ്രതീതിയുണ്ടാക്കി. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന അനിയന്ത്രിതമായി ഒഴുകിയെത്തിയ വൈന്‍ അടുത്തുള്ള വയലിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. വൈന്‍ ഒഴുകിയെത്തിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നതായി ലെവിറ ഡിസ്റ്റിലറി അറിയിച്ചിട്ടുണ്ട്.