മ്യാന്‍മറില്‍ തടവിലായിരുന്ന ആറുപേര്‍ പൊലീസ് പിടിയില്‍

മ്യാന്‍മറില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ ഐ.ടി. പ്രഫഷനലുകളില്‍ മൂന്നു മലയാളികളടക്കം ആറുപേര്‍ പൊലീസ് പിടിയില്‍. സായുധ സംഘം ഇവരെ മ്യാവഡിയെന്ന സ്ഥലത്തിനു സമീപമുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വീസയില്ലാത്തതിനാല്‍ ഇവരെ മ്യാന്‍മര്‍ പൊലീസ് അറസ്റ്റ് ചെയ്തു ജയിലടച്ചു. വിവരമറിഞ്ഞ ഇന്ത്യന്‍ എംബസി അധികൃതര്‍ ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഇജാസ് തിരുവനന്തപുരം വര്‍ക്കല താന്നിക്കൂട് സ്വദേശി നിധീഷ് ബാബു, മൂന്നു തമിഴ്‌നാട്ടുകാര്‍ എന്നിവരെയാണു സായുധ സംഘം മ്യാവഡിക്കു സമീപമുള്ള പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചത്. ഫോണും സകല രേഖകളും പിടിച്ചെടുത്തതിനുശേഷണു സ്റ്റേഷനു മുന്നില്‍ ഇറക്കിവട്ടത്.

വീസയില്ലാത്തതിനാല്‍ അനധികൃതമായി രാജ്യത്തു കടന്നവരായി കണക്കാക്കി അറസ്റ്റ് ചെയ്തു മൂന്നാഴ്ച്ചത്തേക്കു റിമാന്‍ഡ് ചെയ്യുമെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കുടുംബങ്ങളെ അറിയിച്ചു.

ഡേറ്റ എന്‍ട്രി ജോലിക്കായി ഓഗസ്റ്റ് രണ്ടിനാണു സിനാജും ഇജാസും നിധീഷും തായ്്‌ലന്‍ഡിലേക്കു പോയത്. വിമാനമിറങ്ങിയ ഉടനെ ഇവരെ സായുധ സംഘം തടവിലാക്കി മ്യാന്‍മറിലെ മ്യാവഡിയെന്ന സ്ഥലത്തേക്കു തട്ടിക്കൊണ്ടുപോയി. ഇക്കാര്യം മനോരമ ന്യൂസ് പുറത്തുവിട്ടതിനു പിറകെ കുടുംബം വിദേശകാര്യ മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു.

Read more

അതേ സമയം ഇനിയും നിരവധി മലയാളികള്‍ സായുധ സംഘത്തിന്റെ തടങ്കലില്‍ ഉണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയിലാണ്.