പാകിസ്ഥാന്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് കാരണം ഇന്ത്യയോ അമേരിക്കയോ അല്ല; തങ്ങള്‍ സ്വന്തം കാലില്‍ വെടിയുതിര്‍ത്തെന്ന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്

പാകിസ്ഥാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം ഇന്ത്യയോ അമേരിക്കയോ അല്ലെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. തങ്ങള്‍ സ്വന്തം കാലില്‍ വെടിവയ്ക്കുകയായിരുന്നു എന്നാണ് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് നവാസ് ഷെരീഫ് പറഞ്ഞത്. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പാക് മുന്‍ പ്രധാനമന്ത്രി.

യഥാര്‍ത്ഥത്തില്‍ തങ്ങള്‍ സ്വന്തം കാലില്‍ വെടിവയ്ക്കുകയായിരുന്നു. 2018ല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് സൈന്യം സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു. രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യത്തിനും സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും കാരണം സൈനിക സ്വേച്ഛാധിപതികളെ ജഡ്ജിമാര്‍ പിന്തുണച്ചതാണ്. സൈനിക സ്വേച്ഛാധിപതികള്‍ ഭരണഘടന ലംഘിക്കുമ്പോള്‍ ജഡ്ജിമാര്‍ അത് നിയമവിധേയമാക്കുന്നുവെന്നും നവാസ് ഷെരീഫ് ആരോപിച്ചു.

പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി ജഡ്ജിമാര്‍ അംഗീകരിച്ചത് എന്തുകൊണ്ടെന്നും മുന്‍ പ്രധാനമന്ത്രി ചോദിച്ചു. അല്‍-അസീസിയ സ്റ്റീല്‍ മില്‍ അഴിമതിക്കേസില്‍ നവാസ് ഷെരീഫിനെ കഴിഞ്ഞ ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കോടതി കുറ്റവിമുക്തനാക്കിയതോടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നവാസ് നയിക്കും.