തുര്‍ക്കി, സിറിയ ഭൂകമ്പം: മരണം 7,800 കടന്നു; ആയിരങ്ങള്‍ ഇനിയും കുടുങ്ങിക്കിടക്കുന്നു

തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം ഏഴായിരത്തി എണ്ണൂറ് കടന്നു. തുര്‍ക്കിയില്‍ 5,894 പേരും സിറിയയില്‍ 1,932 പേരുമാണ് മരിച്ചത്. 20000ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. ആറായിരത്തിലേറെ കെട്ടിങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നെന്നാണ് കണക്ക്. ഈ കെട്ടിടങ്ങള്‍ക്കിടയിലായി ആയിരത്തോളം പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിലയിരുത്തല്‍.

കൊടുംതണുപ്പിലും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്നലെ രാത്രിയും തുടര്‍ന്നു. പലയിടത്തും റോഡുകളടക്കം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ സഹായം ഇരു രാജ്യങ്ങളിലുമായി എത്തിതുടങ്ങി.

രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുര്‍ക്കിയിലും സിറിയയിലും എത്തിയത്.

തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ആദ്യത്തേത് പുലര്‍ച്ചെയ്ക്കു മുന്‍പേ തുര്‍ക്കിയിലെ ഗസിയാന്‍ടെപ്പിലായിരുന്നു. തീവ്രത 7.8. ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനമുണ്ടായി. തീവ്രത ആറുണ്ടായിരുന്ന മൂന്നാമത്തേ ഭൂചലനം വൈകിട്ടോടെയുമുണ്ടായി . ഇതിനു പുറമേ 285 തുടര്‍ചലനങ്ങളും ഉണ്ടായെന്നു തുര്‍ക്കി അറിയിച്ചു.