ആദ്യ കോവിഡ് കേസ് വ്യാഴാഴ്ച, പിന്നീട് മൂന്ന് ദിവസത്തിനിടെ 8,20,620 കേസുകള്‍!

രാജ്യത്തെ ആദ്യ കോവിഡ് കേസ് വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരകൊറിയയില്‍ മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത് 8,20,620 കേസുകള്‍. കേസുകള്‍ വ്യാപകമായി ഉയര്‍ന്നതോടെ രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ആകെ 42 പേര്‍ മരിച്ചെന്നും 8,20,620 കേസുകള്‍ രാജ്യത്തുണ്ടെന്നും കുറഞ്ഞത് 3,24,550 പേര്‍ ചികിത്സയിലുണ്ടെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ അറിയിച്ചു.

രാജ്യത്തിന്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ മറികടന്നുണ്ടായ ആരോഗ്യ അടിയന്തരാവസ്ഥയായി കണക്കാക്കി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എല്ലാ പ്രവിശ്യകളും സിറ്റികളും കൗണ്ടികളും പൂര്‍ണമായും അടച്ചിരിക്കുകയാണ്. കൂടാതെ, തൊഴില്‍ യൂണിറ്റുകളും ഉത്പാദനകേന്ദ്രങ്ങളും പാര്‍പ്പിടകേന്ദ്രങ്ങളും ലോക്ഡൗണിലാണ്.

കോവിഡ് വാക്സിനുകളോ ആന്റി വൈറല്‍ മരുന്നുകളോ വിപുലമായ പരിശോധനാ സംവിധാനമോ ഉത്തര കൊറിയയിലില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. അന്താരാഷ്ട്ര ഏജന്‍സികള്‍ വാക്‌സിന്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കിം ജോങ് ഉന്‍ വിസമ്മതിച്ചിരുന്നു.