‌‌‌‌‌‌ഗാസയിൽ വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം; ബെന്യാമിൻ നെതന്യാഹു

ഹമാസുമായുള്ള യുദ്ധത്തിൽ‌ പിന്മാറനൊരുക്കമല്ലെന്ന് നിലപാടെടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളിയാണ് നിലപാട് വ്യക്തമാക്കിയത്. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്.ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു.

ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന നിലപാടിൽ നിന്ന് ഇസ്രയേൽ ഒരിഞ്ച് പോലും പിന്നോട്ടില്ല. നീണ്ടതും പ്രയാസമേറിയതുമായ സൈനിക നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്നാണ് നെതന്യാഹു ടെൽ അവീവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു.

ഹമാസിന്‍റെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഹമാസ് തടവിലാക്കിയവരുടെ കുടുംബാഗങ്ങളുമായി നെതന്യാഹു കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ശത്രുവിനെ താഴെ നിന്നും മുകളിൽ നിന്നും നേരിടും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആക്രമണം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന ആശങ്ക അവരുടെ ഉറ്റവർക്കുണ്ട്. ആക്രമണം കടുപ്പിച്ചാൽ ഹമാസ് ബന്ദികളുടെ മോചനത്തിന് നിർബന്ധിതരാകുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ വിശദീകരണം.

ഇതിനോടകം യുദ്ധം കനത്ത നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്.ഇസ്രയേലിന്‍റെ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്‍റെ ആക്രമണത്തില്‍ 1400 ഇസ്രയേലികൾ കൊല്ലപ്പെട്ടു. ഗാസയിലെ സ്ഥിതി കൂടുതൽ വഷളാവുകയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. ഗാസയിൽ ദിവസവും 420 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നു. ജീവൻ നഷ്ടമാകുന്നവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.