ടൂറിസം, സഹകരണം ഉൾപ്പെടെ ചൈനയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് മാലിദ്വീപ്

ചൈനയുമായി ടൂറിസം സഹകരണം ഉൾപ്പെടെ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് മാലിദ്വീപ്.  ഇന്ത്യയുമായി നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണ് പുതിയ നീക്കം.അഞ്ചു ദിവസത്തെ സന്ദർശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തിയിരുന്നു.  ഈ സന്ദർശനത്തിലാണ് ചൈനയുമായി 20 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചത്.ചൈനീസ് പ്രീമിയർ ലി ക്വിയാങ് ഉൾപ്പെടെയുള്ള നേതാക്കളെ സന്ദർശിച്ചശേഷം മുയിസു മാലദ്വീപിലേക്ക് മടങ്ങും.

ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കൽ, ബ്ലൂ ഇക്കോണമി, ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ നിക്ഷേപം ശക്തിപ്പെടുത്തൽ തുടങ്ങിയ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. മാലിദ്വീപിന് ചൈന ഗ്രാന്റ് സഹായം നൽകാനും ധാരണയായി. എന്നാൽ സഹായധനമായി എത്ര തുക ലഭിക്കുമെന്നത് വെളിപ്പെടുത്തിയിട്ടില്ല.ഇന്ത്യൻ മഹാസമുദ്ര ദ്വീപിൽ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള 50 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി മാലിദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ മാലിദ്വീപിലെ മന്ത്രിമാരുടെ പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു. യതന്ത്ര പ്രശ്നങ്ങളുടെ തുടർച്ചയായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ മാലിദ്വീപിലേക്കു കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് മുഹമ്മദ് മുയിസു അഭ്യർഥിച്ചിരുന്നു. മാലിദ്വീപിലെ പുതിയ സർക്കാർ ഇന്ത്യയുമായി അകന്ന്, ചൈനയുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെയായിരുന്നു പുതിയ വിവാദം.