എത്രയും വേഗം ഉക്രൈന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസിയുടെ നിര്‍ദേശം

ഇന്ത്യന്‍ പൗരന്‍മാരോട് അടിയന്തരമായി ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തരമായി രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഉക്രൈനിലേക്ക് യാത്ര പോകരുതെന്നും നിര്‍ദേശമുണ്ട്. ഉക്രൈയിനിലെ നാല് പ്രദേശങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എംബസി നിര്‍ദേശം പുറത്തിറക്കിയത്.

സെപ്റ്റംബറില്‍ റഷ്യയുടെ ഭാഗമായി പ്രഖ്യാപിച്ച നാല് ഉക്രൈന്‍ മേഖലകളിലാണ് പുടിന്‍ പട്ടാളനിയമം പ്രഖ്യാപിച്ചത്. കടുത്ത തിരിച്ചടികള്‍ ഉക്രൈനിലെ റഷ്യന്‍ നീക്കങ്ങള്‍ ദുര്‍ബലമാക്കുന്ന സാഹചര്യത്തിലാണ് നടപടി. പട്ടാള നിയമം പ്രഖ്യാപിച്ചതിനൊപ്പം അതിര്‍ത്തി പങ്കിടുന്ന എട്ട് മേഖലകളില്‍ സഞ്ചാരവും വിലക്കിയിട്ടുണ്ട്.

കൂട്ടിച്ചേര്‍ത്ത പ്രവിശ്യകളിലൊന്നായ ഖേഴ്‌സണില്‍നിന്ന് കഴിഞ്ഞ ദിവസം റഷ്യന്‍ സേനയുടെയും ഉദ്യോഗസ്ഥരുടെയും പിന്മാറ്റം തുടരുകയാണ്. സിവിലിയന്മാരും നാടുവിടണമെന്ന് പ്രദേശത്തെ റഷ്യന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. നഗരം തിരിച്ചുപിടിക്കാന്‍ പൂര്‍ണാര്‍ഥത്തിലുള്ള സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നതായാണ് സൂചനകള്‍. ഇതിന്റെ ഭാഗമായാണ് സിവിലിയന്മാരെ ഒഴിപ്പിക്കുന്നത്.