ജസ്റ്റിന്‍ ട്രൂഡോയുടെ വിമാനം വീണ്ടും 'പണി കൊടുത്തു'; ജമൈക്കയില്‍ കുടുങ്ങി കനേഡിയന്‍ പ്രധാനമന്ത്രിയും കുടുംബവും

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വിമാനം വീണ്ടും തകരാറിലായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ട്രൂഡോയുടെ വിമാനം തകരാറിലായിരുന്നു. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തി മടങ്ങുമ്പോഴായിരുന്നു സെപ്റ്റംബറില്‍ വിമാനം തകരാറിലായത്. ഇത്തവണ ജമൈക്കിയലാണ് വിമാനം തകരാറിലായതിനെ തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ യാത്ര മുടങ്ങിയത്.

ജമൈക്കയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെവവഴിക്കാനെത്തി മടങ്ങുമ്പോഴായിരുന്നു വിമാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ വ്യോമസേനയുടെ രണ്ടാം വിമാനം തകരാര്‍ പരിഹരിക്കാനായി ജമൈക്കയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ട്രൂഡോയും കുടുംബവും മടക്കയാത്ര തീരുമാനിച്ചിരുന്നത്.

ജനുവരി 2ന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര നീട്ടിവയ്ക്കുകയായിരുന്നു. ജി 20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ശേഷം മടക്കയാത്ര തടസപ്പെട്ടതോടെ ട്രൂഡോയ്‌ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം ഉയര്‍ന്നിരുന്നു. ഖാലിസ്ഥാന്‍ വാദികളെ പിന്തുണച്ച ട്രൂഡോയെ ഇന്ത്യ വിമര്‍ശിച്ചതിന് പിന്നാലെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയ്ക്ക് ഇന്ത്യയില്‍ അവഗണന എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.