ഗസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് 48 മണിക്കൂർ നേരത്തേക്ക് താത്ക്കാലിക പാത തുറന്ന് നൽകി ഇസ്രയേൽ

ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾ ശക്തമാകുമ്പോൾ വടക്കൻ ഗസയിൽ നിന്നും തെക്കൻ ഗസയിലേക്ക് പലായനം ചെയ്യുന്നവർക്കായി താത്ക്കാലിക പാത തുറന്നതായി ഇസ്രയേൽ. സല അൽ ദിൻ തെരുവിലൂടെയുള്ള ഗതാഗത പാതയാണ് പലായനം ചെയ്യുന്നവർക്കായി തുറന്ന് നൽകിയത്. 48 മണിക്കൂർ നേരത്തേക്കാണ് തുറന്നത്. നേരത്തെ അൽ റാഷിദ് തീരദേശ പാത മാത്രമായിരുന്നു പലായനത്തിനായി തുറന്നിരുന്നത്.

അൽ റാഷിദ് പാതയിലൂടെയുള്ള ജനങ്ങളുടെ തിരക്ക് അന്താരാഷ്ട്ര വിമർശനങ്ങൾക്കടക്കം വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സല അൽ ദിൻ തെരുവിലൂടെയുള്ള ഗതാഗത പാതകൂടി തുറന്ന് നൽകിയിരിക്കുന്നത്. അതേസമയം തെക്കന്‍ ഗസയിലെ അല്‍മവാസിയിലേക്കാണ് ജനങ്ങള്‍ നീങ്ങുന്നത്. ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് ഗസ സിറ്റി വിട്ടത്.

ഗസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇന്നലെ മാത്രം 91 പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് 33 പേരാണ് കൊല്ലപ്പെട്ടത്. നെഗേവ് മരുഭൂമി പ്രദേശത്തെ അൽ സിർ ഗ്രാമത്തിലെ 40 വീടുകൾ ഇസ്രയേൽ തകർത്തു. ബ്രിട്ടീഷ് എം പിമാർക്ക് അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേൽ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർ സ്റ്റാൻഡിങ്ങിന്റെ ഭാഗമായി എത്തിയ ബ്രിട്ടീഷ് എം പിമാരെയാണ് തടഞ്ഞത്. മാത്രമല്ല ഗസയിലെ ആശുപത്രികളിലേക്ക് ഇന്ധനമെത്തിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കവും ഇസ്രയേൽ തടഞ്ഞു.

Read more