ഇസ്രായേൽ- ഹമാസ് യുദ്ധം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു, ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ

ഇസ്രായേൽ- ഹമാസ് യുദ്ധം തുടരുകയാണ്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനോടകം 1600 കടന്നു.ജീവൻ നഷ്ടമായവരിൽ 900 ഇസ്രായേലികളും 700 ഗാസ നിവാസികളും ഉൾ‌പ്പെടുന്നു. കഴിഞ്ഞ രാത്രി മുഴുവൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹമാസിന്റെ 1290 കേന്ദ്രങ്ങളിൽ ഇതുവരെ ബോംബ് ഇട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

30 ലെറെ ഇസ്രയേൽ പൗരന്മാർ ബന്ദികളാക്കപ്പെട്ടതായും ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം.

ഇപ്പോൾ ഗാസയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്ന് ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്നും നെതന്വാഹു പറഞ്ഞു.

അതേ സമയം ഹമാസ് ആക്രണത്തിൽ 11 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ആക്രമത്തെ ശക്തമായി അപലപിച്ച ബൈഡൻ, അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നും ആവശ്യമുള്ള എന്ത് സഹായവും ലഭ്യമാക്കുമെന്നും വ്യക്തമാക്കി.