സ്ത്രീകൾക്കായി നടപ്പിലാക്കാനൊരുങ്ങിയ വിവാദ ശിരോവസ്ത്ര നിയമം താത്കാലികമായി പിൻവലിച്ച് ഇറാൻ ഭരണകൂടം. നിയമത്തിനെതിരായ ആഭ്യന്തരവും അന്തർ ദേശീയവുമായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ നിർത്തിവെച്ചത്.
ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകൾക്ക് 15 വർഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാൻ മുന്നോട്ടുവെച്ചത്. മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവർക്കും, നഗ്നത പ്രോത്സഹാപ്പിക്കുന്നവർക്കും ഹിജാബ് വിരോധികൾക്കും കടുത്ത ശിക്ഷയേർപ്പെടുത്തുന്നതായിരുന്നു നിയമം.
പരിഷ്‌കരിച്ച നിയമത്തിലെ ആർട്ടിക്കിൾ 60 പ്രകാരം നിയമം ലംഘിക്കുന്നവർക്ക് പിഴയോ, ചാട്ടവാറടിയോ ജയിൽ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവർത്തിക്കുന്നവർക്ക് 15 വർഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തിൽ പറയുന്നു. പുതിയ നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങളാണ് നടന്നത്.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഹിജാബ് ആന്റ് ചാരിറ്റി നിയമം നടപ്പാക്കുന്നത് നിർത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടേറിയേറ്റ് പാർലമെന്റിന് കത്ത് നൽകുകയായിരുന്നു. നിലവിലെ നിയമത്തിന്റെ അനിശ്ചിതത്വങ്ങൾ നീക്കാൻ സർക്കാർ മറ്റൊരു ഭേദഗതി കൊണ്ടുവരാൻ പദ്ധതിയിട്ടതായി പാർലമെന്ഡറിന്റെ അധ്യക്ഷ ബോർഡ് അംഗം അലിറേസ സലിമി പറഞ്ഞു.