അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ ‘ഫത്വ’ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത മത പുരോഹിതൻ. ഷിയാ പുരോഹിതൻ ആയത്തൊള്ള നാസർ മകാരെം ഷിറാസിയാണ് ഫത്വ പുറപ്പെടുവിച്ചത്. ഇരു നേതാക്കളെയും ‘ദൈവത്തിൻറെ ശത്രുക്കൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ളതാണ് ഫത്വ. ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്നും മതവിധിയിലൂടെ ആഹ്വാനം ചെയ്തു.
നേതാവിനെയോ മർജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ ‘മുഹറിബ്’ ആയി കണക്കാക്കപ്പെടുമെന്ന് വിധിയിൽ പറഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാനിയൻ നിയമമനുസരിച്ച് ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളാണ് ‘മുഹറിബ്’. ഇങ്ങനെയുള്ളവരെ വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ ഛേദിക്കൽ, അല്ലെങ്കിൽ നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾക്ക് വിധേയമാക്കാമെന്നാണ് പറയപ്പെടുന്നത്.
Read more
ഈ ശത്രുക്കളുമായി മുസ്ലീങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഏതെങ്കിലും തരത്തിലുള്ള സഹകരണം പുലർത്തുകയോ പിന്തുണ നൽകുകയോ ചെയ്യുന്നത് ‘ഹറാം’ അഥവാ നിഷിദ്ധമാണ്. ഈ ശത്രുക്കളെ അവരുടെ വാക്കുകളിലും തെറ്റുകളിലും ഖേദിപ്പിക്കാൻ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലീങ്ങൾക്കും കടമയുണ്ടെന്ന് ഫത്‌വയിൽ കൂട്ടിച്ചേർത്തു. കൂടാതെ, തൻറെ മുസ്ലീം കടമകൾ അനുസരിച്ച് ഈ പോരാട്ടത്തിൽ ഏതെങ്കിലും മുസ്ലീമിന് കഷ്ടപ്പാടുകളോ നഷ്ടങ്ങളോ സംഭവിക്കുകയാണെങ്കിൽ, ദൈവമാർഗത്തിൽ പോരാടിയവർക്കുള്ള പ്രതിഫലം അവർക്ക് ലഭിക്കുമെന്നും വിധിയിൽ പറയുന്നു.