ഇന്ത്യൻ എണ്ണസംസ്‌കരണക്കമ്പനികൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നേക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിവെച്ചത് നല്ല ചുവടുവെപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നതു തുടരും. തീരുമാനങ്ങൾ അസംസ്കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ശേഖരം, ചരക്കുനീക്കത്തിനുള്ള ചെലവ്, സാമ്പത്തിക ഘടകങ്ങൾ എന്നിവയും നിർണായകമാണെന്ന് സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
അതേസമയം റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ്, ഭാരത് പെട്രോളിയം കോർപ്പ്, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡ് എന്നിവ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ ക്രൂഡ് ഓയിലിന് ഓർഡർ നൽകിയിട്ടില്ല.
Read more
റഷ്യ യുക്രൈനുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താനും ട്രംപ് തീരുമാനിച്ചിട്ടുണ്ട്.







