ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ; മരുന്നും ഭക്ഷണവും അടക്കം 21 ടൺ ദുരിതാശ്വാസ സാധനങ്ങൾ അയച്ചു

ഭൂകമ്പം നാശം വിതച്ച അഫ്ഗാനിസ്ഥാനിലേക്ക് സഹായവുമായി ഇന്ത്യ. മരുന്നു ഭക്ഷണവും അടക്കം 21 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ കയറ്റി അയച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 1,400 ൽ അധികം ആളുകൾ മരിക്കുകയും 2,500 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രി 11.47-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

മരുന്നുകൾ, ഭക്ഷണം അടക്കമുള്ള അടിയന്തര വസ്തുക്കൾ ആണ് ഇന്ത്യ അയച്ചത്. നംഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദിന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എട്ട് കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കുനാര്‍ പ്രവിശ്യയില്‍ വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. നൂര്‍ ഗുല്‍, സോകി, വാട്പുര്‍, മനോഗി തുടങ്ങിയ പ്രദേശങ്ങള്‍ ബാധിക്കപ്പെട്ടു. നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചു.

അതേസമയം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യസംഘടന അടിയന്തരസഹായവുമായി രംഗത്തുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി.

Read more