ബന്ദികളെ കൈമാറാം, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; സൈന്യം പൂര്‍ണമായും ഗാസ വിടണം; മൂന്നുഘട്ട ഉപാധികള്‍ വെച്ച് ഹമാസ്; പ്രതികരിക്കാതെ ഇസ്രയേല്‍

ഇസ്രയേല്‍ സൈന്യം പൂര്‍ണമായും ഗാസയില്‍ നിന്നും പിന്മാറണമെന്ന് ഹമാസ്. എങ്കില്‍ മാത്രമെ പൂര്‍ണമായും വെടിനിര്‍ത്തല്‍ നിര്‍ദേശം നടപ്പാകുവെന്ന് അവര്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ സമയത്തിനിടയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്താറുണ്ട്. അതിനാലാണ് ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുന്നതെന്നും ഹമാസ് പറയുന്നു.

ബന്ദികള്‍ക്കു പകരം പലസ്തീന്‍ തടവുകാരെ കൈമാറുക, ഗാസ പുനര്‍നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളാണു ഹമാസ് ഉന്നയിച്ചിരിക്കുന്നത്. 45 ദിവസം വീതമുള്ള മൂന്നു ഘട്ടങ്ങളായി ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന്റെയും യു.എസിന്റെയും പിന്തുണയോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തില്‍ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

ഹമാസിന്റെ ഉപാധികള്‍ പ്രകാരം ആദ്യ 45 ദിവസത്തിനുള്ളില്‍ ബന്ദികളാക്കിയിട്ടുള്ള എല്ലാ ഇസ്രയേലി വനിതകളെയും 19 വയസില്‍ താഴെയുള്ള പുരുഷന്‍മാരെയും മുതിര്‍ന്നവരെയും രോഗികളെയും വിട്ടയയ്ക്കും. പകരമായി ഇസ്രയേലി ജയിലിലുള്ള പലസ്തീന്‍ വനിതാ തടവുകാരെയും കുട്ടികളെയും വിട്ടയയ്ക്കണം. ഗാസയിലെ ജനവാസമേഖലകളില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറണം. ആശുപത്രികളുടെ പുനര്‍നിര്‍മാണം തുടങ്ങണം.

രണ്ടാം ഘട്ടത്തില്‍ പുരുഷ ഇസ്രയേലിബന്ദികളെ വിട്ടയയ്ക്കും. പകരമായി പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്‍മാറുകയും വേണമെന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇസ്രയേല്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് നിലവില്‍ ഗാസയുള്ളത്.