'എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു... നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നു, നോർവേ സർക്കാർ മനഃപൂർവ്വം നൽകിയില്ല'; വീണ്ടും അതൃപ്തി അറിയിച്ച് ട്രംപ്

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാത്തതിലെ അതൃപ്തി വീണ്ടും പ്രകടമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞ ട്രംപ് നോർവേ സർക്കാർ മനഃപൂർവ്വം നൽകിയില്ല എന്നും വിമർശനം ഉന്നയിച്ചു. നേരത്തെയും അതൃപ്തി പ്രകടമാക്കി ട്രംപ് പ്രതികരിച്ചിരുന്നു.

നോര്‍വീജിയന്‍ സര്‍ക്കാര്‍ തനിക്ക് മനഃപൂർവ്വം നൊബേല്‍ സമ്മാനം നല്‍കാത്തതാണെന്നാണ് ട്രംപിന്റെ വാദം. നൊബേല്‍ സമ്മാനത്തില്‍ സര്‍ക്കാരിന് ഒരു അധികാരവും ഇല്ലെന്ന് നോര്‍വേ പ്രധാനമന്ത്രി ജൊനാസ് ഗഹ്ര്‍ വ്യക്തമാക്കിയിട്ടും ട്രംപ് നോര്‍വേ സര്‍ക്കാരിനെ ഉന്നം വെക്കുകയായിരുന്നു. ഓരോ യുദ്ധം അവസാനിപ്പിച്ചതിനും നൊബേല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്നും പക്ഷേ താൻ അത് പറയി ല്ലെന്നും ട്രംപ് പറഞ്ഞു.

‘ഞാന്‍ ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിച്ചു. നൊബേല്‍ നോര്‍വേ നിയന്ത്രിക്കുന്നില്ലെന്ന് പറയരുത്. നോര്‍വേയ്ക്ക് അതില്‍ ഒരു നിയന്ത്രണമുണ്ട്’- ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം തനിക്ക് സമ്മാനിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയെയും ട്രംപ് പ്രശംസിച്ചു. തനിക്ക് മരിയയോട് ബഹുമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു. മരിയ ഈ പുരസ്‌കാരത്തിന് അര്‍ഹയല്ലെന്നും താനാണ് അര്‍ഹനെന്നും പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നൊബേല്‍ സമ്മാനം മറ്റൊരാള്‍ക്ക് കൈമാറാന്‍ പറ്റില്ലെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Read more