പശ്ചിമേഷ്യയില്‍ രക്ത രൂക്ഷിതമായ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ കൂട്ടക്കൊലയ്ക്ക് പച്ചക്കൊടി നല്‍കരുതെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. പാലസ്തീന്‍ ജനതയ്ക്ക് മരുന്നും വെള്ളവും വരെ നിഷേധിക്കുന്ന ഇസ്രായേല്‍ നടപടി അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. എന്തും ചെയ്യാന്‍ ഇസ്രായേലിനെ അനുവദിക്കരുതെന്നും ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കൂട്ടിച്ചേര്‍ത്തു.
ഷൂറ കൗണ്‍സില്‍ വാര്‍ഷിക സമ്മേളനത്തിലായരുന്നു ഖത്തര്‍ അമീര്‍ ഇസ്രായേലിനെതിരെ തുറന്നടിച്ചത്. യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാന മാര്‍ഗ്ഗങ്ങളിലൂടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നും ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി വ്യക്തമാക്കി. അതേ സമയം ഇസ്രയേല്‍ സൈന്യം ഗാസയില്‍ കരയുദ്ധം ആരംഭിച്ചു. കരയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചത്.
ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണെന്നും വലിയ രീതിയിലുള്ള ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഇസ്രയേല്‍ ഭരണകൂടം പറയുന്നു. ബന്ദികളെ നേരിട്ട് മോചിപ്പിക്കാനാണ് ഇസ്രയേല്‍ സൈന്യം ഗാസയില്‍ പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ പ്രവേശിച്ച ഇസ്രയേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടിയെന്ന് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ പ്രഹരശേഷി കൂടിയ ബോംബുകള്‍ ഉപയോഗിച്ചെന്ന് സേനാ വാക്താവ് അറിയിച്ചു.
Read more
ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഹമാസിനെതിരെ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഇതോടകം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും 1044 സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.