ലഹരിവേട്ട പൊലീസിന് പുതിയ കാര്യമല്ല. എന്നാൽ ചിലപ്പൊഴൊക്കെ കണ്ടെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവും, മൂല്യവുമൊക്കെ ഞെട്ടിക്കുന്നതാണ്. കുറ്റവാളികൾ ആരെന്നതെന്നും പലപ്പോഴും ഞെട്ടിക്കും. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ അമേരിക്കയിൽ നിന്ന് പുറത്തുവരുന്നത്. 21 വയസുകാരന്റെ കൈവശം സൂക്ഷിച്ച 71 കോടി രൂപയുടെ ലഹരിമരുന്നാണ് പൊലീസ് കണ്ടെത്തിയത്.
അമേരിക്കയിലെ കൊനക്ടികട് എന്ന പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബര്‍ലിംഗ്ടണ് സ്വദേശിയും 21 കാരനുമായ വെസ്റ്റന്‍ സൂളി എന്ന യുവാവാണ് ലഹരി ഫാക്ടറി നടത്തുന്നതിനിടെ പിടിയിലായത്. ലിയോണിലെ സ്വന്തം വീട്ടിലായിരുന്നു 21കാരന്റെ ലഹരി ഫാക്ടറി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്നതായിരുന്നു സൂളിയുടെ കയ്യിലെ ശേഖരം.
വീട്ടിലെ ഗ്യാരേജിലായിരുന്ന മാജിക് മഷ്റൂമിന്റെ ശേഖരം ഉണ്ടായിരുന്നത്. പല അളവിലുള്ള പ്ലാസ്റ്റിക് ബാഗുകളിലായി മാജിക് മഷ്റൂമും ലഹരി നിർമ്മാണ ഫാക്ടറിയുമാണ് പൊലീസ് പരിശോധനയില്‍ പുറത്ത് വന്നത്. രഹസ്യമായി ലഹരിക്കച്ചവടത്തിനായി സൂക്ഷിച്ച 71 കോടിയോളം രൂപ വില വരുന്ന മാജിക് മഷ്റൂമും ഇവിടെ നിന്ന് പിടികൂടി.വലിയ രീതിയില്‍ മാജിക് മഷ്റൂം ശേഖരിക്കലും പ്രോസസിംഗുമാണ് ഇവിടെ നടന്നിരുന്നത്.വളർച്ചയുടെ വിവിധ ഘട്ടത്തിലുള്ള മാജിക് മഷ്റൂമുകളാണ് ഇവിടെ നിന്ന് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
വീട്ടില്‍ അനധികൃത ലഹരിക്കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരത്തിലാണ് ലഹരി വിരുദ്ധ ടാസ്ക് ഫോഴ്സ് വ്യാഴാഴ്ച വീട്ടില്‍ പരിശോധന നടത്തിയത്. രാവിലെ ഒന്‍പത് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് സൂളി തന്നെയാണ് വീടിനോട് അല്‍പം അകലെയുള്ള ഗാരേജിലേക്ക് റെയ്ഡിനെത്തിയ പൊലീസ് സംഘത്തെ നയിച്ചത്.
Read more
മാജിക് മഷ്റൂം അനധികൃതമായതിനാലാണ് വീടിന് പുറത്ത് വച്ച് ഇത്തരം നടപടികള്‍ ചെയ്തതെന്ന് പൊലീസിനോട് ഇയാൾ വെളിപ്പെടുത്തി.ട്രോമകള്‍ക്ക് ശേഷമുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനായി ആളുകളെ സഹായിക്കുകയായിരുന്നു താന്‍ ചെയ്തിരുന്നതെന്നാണ് ഇയാളുടെ വിശദീകരണം. ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനും വില്‍പന നടത്തിയതിനും സൂളിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ നിരവധി നഗരങ്ങള്‍ മാജിക് മഷ്റൂം നിയമാനുസൃതമാക്കിയതിന് പിന്നാലെയാണ് ഈ റെയ്ഡ് നടന്നിരിക്കുന്നത്.