ചൈനയില്‍ കുതിച്ച് ഉയര്‍ന്ന് കോവിഡ്; ബുധനാഴ്ച മാത്രം 31,444 കേസുകള്‍; ആശങ്ക ഉയരുന്നു

കോവിഡിനെ തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ തുടരുന്ന ചൈനയില്‍ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്ച മാത്രം 31,444 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 13ന് ശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയേറെപ്പേര്‍ക്ക് കോവിഡ് ബാധിക്കുന്നത്.

നവംബര്‍ ആറു മുതലാണ് ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ പ്രതിദിനം 26,000 ന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ പല പ്രവിശ്യകളിലും ലോക്ഡൗണ്‍ സമാനമായ സാഹചര്യമാണ്. കഴിയുന്നതും വീട്ടില്‍ത്തന്നെ കഴിയാനും ദിവസവും പരിശോധനയ്ക്കു വിധേയമാകാനുമാണു നിര്‍ദേശം.

ഏറെ വിമര്‍ശിക്കപ്പെട്ട കോവിഡ് നിയന്ത്രണങ്ങളില്‍ ഈ മാസമാദ്യം ചൈന ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാര്‍ക്കു കോവിഡ് റിപ്പോര്‍ട്ട് ചെയ്താല്‍ രാജ്യാന്തര വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തലാക്കിയിരുന്നത് ഒഴിവാക്കി. രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റീന്‍ കാലം 10 ദിവസത്തില്‍നിന്ന് എട്ട് ആക്കി കുറയ്ക്കുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തുകയാണ് ചൈന.

കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാക്ടറികളും മാളുകളും അടച്ചിടാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം വ്യവസായ സംരഭങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. ചൈനയിലെ പ്രതിദിന കോവിഡ് കേസുകള്‍ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ജനജീവിതത്തെയും ഉല്‍പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.