അതീവ ജാഗ്രതാ നിര്‍ദ്ദേശം; അപരിചിതരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കരുത്; ഇന്ത്യയിലുണ്ടായിരുന്ന 41 നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ച് കാനഡ

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യലുണ്ടായിരുന്ന 41 നയതന്ത്ര പ്രതിനിധികളെ കാനഡ തിരികെ വിളിച്ചു. 41 കനേഡിയന്‍ നയതന്ത്ര പ്രതിനിധികളും അവരുടെ കുടുംബങ്ങളും ഇതോടെ മാതൃ രാജ്യത്തേക്ക് യാത്രയായി. 62 കനേഡിയന്‍ നയതന്ത്ര പ്രതിനിധികളാണ് രാജ്യത്തുണ്ടായിരുന്നത്.

അതേ സമയം 21 നയതന്ത്ര പ്രതിനിധികള്‍ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ കാനഡയെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇതോടെ രാജ്യത്തെ പല കോണ്‍സുലേറ്റുകളും എംബസികളും കാനഡ അടച്ചുപൂട്ടി. കൂടാതെ മുംബൈ, ചണ്ഡിഗഢ്, ബംഗളൂരു എന്നിവിടങ്ങളിലുള്ള കനേഡിയന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഈ മൂന്ന് നഗരങ്ങളിലെയും കോണ്‍സുലേറ്റ് നടപടികള്‍ കാനഡ താത്കാലികമായി നിറുത്തിവച്ചു.

എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ പൗരന്മാര്‍ ഡല്‍ഹിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടാനും, സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും പൗരന്മാര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഖാലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. ഇതേ തുടര്‍ന്ന് നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരു രാജ്യങ്ങളും തുല്യത പാലിക്കണമെന്ന് ഇന്ത്യ കാനഡയെ അറിയിച്ചിരുന്നു.