ഷാർജയിൽ ആത്മഹത്യാ ചെയ്ത കൊല്ലം സ്വദേശിനി അതുല്യയുടെ മനനത്തിന് പിന്നാലെ ആരോപണ വിധേയനായ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിൻ്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.
ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ്. ഒരു വർഷം മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. ശനിയാഴ്‌ചയാണ് അതുല്യയെ ഷാർജയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് ശങ്കറിൻ്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്‌തു.
അതേസമയം റീ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് തുടങ്ങിയേക്കുമെന്ന് സൂചന. പോസ്റ്റുമോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമാണ്. അതേസമയം അതുല്യയുടെ ഭർത്താവ് സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സതീഷിനെതിരെ ഷാർജയിൽ നിയമ നടപടികൾ തുടങ്ങാനാണ് ബന്ധുക്കളുടെ നീക്കം.
അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിന്റെ വാദങ്ങള്‍ തെറ്റെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു. സതീഷ് പറയുന്നതിനെ വിശ്വാസത്തിലെടുക്കാന്‍ പറ്റില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്ത് വരും. താങ്ങാന്‍ പറ്റാത്ത ഉപദ്രവങ്ങള്‍ വരുമ്പോള്‍ ജീവനുള്ള ഏതൊരു വസ്തുവും തിരിച്ച് പ്രതികരിക്കില്ലേ. അങ്ങനെകൂട്ടിയാല്‍ മതി എന്നും പിതാവ് പറഞ്ഞു.