റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ
അലക്‌സി നവാല്‍നി (48) മരിച്ചു. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലില്‍ 19 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദേഹത്തിന്റെ മരണം.
പുടിന്റെ വിമര്‍ശകനായതിനാല്‍ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി കണക്കാക്കുന്ന ആര്‍ടിക് പീനല്‍ ജയിലിലേക്ക് അദേഹത്തെ മാറ്റിയത്.
സാമ്പത്തിക ക്രമക്കേട്, പരോള്‍ ലംഘനം, കോടതിയലക്ഷ്യം തുടങ്ങി കുറ്റങ്ങള്‍ ആരോപിച്ച് തടവിലാക്കിയ അദ്ദേഹം ചികിത്സ ആവശ്യപ്പെട്ട് ജയിലിലും സമരം നടത്തിയിരുന്നു. നേരത്തെ നവാല്‍നിയെ ജയിലില്‍ നിന്ന് കാണാതായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവാല്‍നി പല തവണ വധശ്രമത്തെ അതിജീവിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ 2020 ലുണ്ടായ വധശ്രമത്തെ അതിജീവിച്ചിരുന്നു.
് അലക്സി നവല്‍നി ഇന്ന് പ്രഭാതനടത്തത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ബോധക്ഷയം വന്ന നാവല്‍നിയെ പരിചരിക്കാന്‍ ഉടന്‍ ഡോക്ടര്‍മാര്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും ജയില്‍ വകുപ്പ് കുറിപ്പിലൂടെ അറിയിച്ചു. ഭാര്യ: യുലിയ. രണ്ടു മക്കള്‍. മരണം സ്ഥിരീകരിക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2008 മുതലാണ് റഷ്യന്‍ രാഷ്ട്രീയത്തില്‍ അലക്സി നവല്‍നി ശ്രദ്ധേയനാകുന്നത്. ബ്ലോഗിലൂടെ അഴിമതി വിരുദ്ധ പോരാട്ടം തുടങ്ങിയ നവല്‍നി വളരെ പെട്ടെന്ന് റഷ്യയിലെ പുട്ടിന്‍ വിരുദ്ധ രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രമായി. വലിയതോതില്‍ കൃത്രിമം നടന്നുവെന്ന് ആരോപണമുയര്‍ന്ന 2011ലെ ദേശീയ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളിലും മുന്‍നിരയിലായിരുന്നു സ്ഥാനം.
2017ല്‍ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവിന്റെ അനധികൃത സമ്പാദ്യങ്ങള്‍ തുറന്നുകാട്ടുന്ന വിഡിയോ നവല്‍നി പുറത്തുവിട്ടതോടെ കത്തിപ്പടര്‍ന്ന അഴിമതിവിരുദ്ധ സമരത്തില്‍ ആയിരക്കണക്കിനാളുകളാണ് അറസ്റ്റിലായത്. 2018 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുട്ടിനെതിരെ നവല്‍നി മത്സരിച്ചിരുന്നു.
സൈബീരിയയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, 2020 ഓഗസ്റ്റ് 20ന് നവല്‍നി വിഷപ്രയോഗത്തിനിരയായി. സൈബീരിയയിലെ ടോംസ്‌ക് നഗരത്തിലെ വിമാനത്താവളത്തില്‍ വച്ച് നവല്‍നി കുടിച്ച ചായയില്‍ വിഷം കലര്‍ത്തിയിരുന്നെന്ന സംശയമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ഉന്നയിക്കുന്നത്. യാത്രയ്ക്കിടെ ബോധരഹിതനായി വീണ അദ്ദേഹത്തെ അടിയന്തര ലാന്‍ഡിങ് നടത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ജര്‍മനിയിലെ വിദഗ്ദ ചികിത്സയ്ക്കുശേഷം 2021 ജനുവരി 17നു റഷ്യയില്‍ മടങ്ങിയെത്തിയെങ്കിലും അറസ്റ്റിലായി. മുന്‍ ജയില്‍വാസകാലത്തു പരോള്‍ ചട്ടലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
Read more
റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാല്‍നി മരിച്ചെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇതു കൊലപാതകമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പുടിന്റെ പ്രധാന എതിരാളികളില്‍ ഒരാളായാണ് നവാല്‍നിയെ കണക്കാക്കിയിരുന്നത്.