എന്താ മച്ചാനേ ദൈവം..? 'മഞ്ഞുമ്മല്‍ ബോയ്‌സി'ലെ ആ സീന്‍ കമല്‍ ചിത്രത്തില്‍ നിന്നും ഇന്‍സ്‌പെയര്‍ ആയി ചെയ്തത്; വെളിപ്പെടുത്തി സംവിധായകന്‍

മലയാള സിനിമയില്‍ ട്രാക്ക് മാറ്റിപ്പിടിച്ച് എത്തിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ബോക്‌സ് ഓഫീസില്‍ കുതിച്ചു പായുകയാണ്. 50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന ചിത്രം തമിഴകത്തും വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. മഞ്ഞുമ്മല്‍ ബോയസിനെ നേരില്‍ കണ്ടിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. പ്രത്യേക പ്രീമിയര്‍ ഷോയും കമല്‍ ഹാസനും ‘ഗുണ’ സിനിമാ സംവിധായകന്‍ സന്താനഭാരതിക്കും വേണ്ടി ഒരുക്കിയിരുന്നു.

കമല്‍ ഹാസന്റെ കടുത്ത ആരാധകനാണ് ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം. ‘ഇതാണ് സിനിമയുടെ ഫൈനല്‍ ക്ലൈമാക്‌സ്’ എന്നായിരുന്നു കമല്‍ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകന്‍ ചിദംബരം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. സിനിമയിലുടനീളം ഗുണ കേവ്‌സിനൊപ്പം കമലിന്റെ ഗുണ സിനിമയിലെ ഗാനവും കേള്‍ക്കുന്നുണ്ട്.

സിനിമയിലെ ഒരു സീനിന് പ്രചോദനമായ കമല്‍ ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചിദംബരം ഇപ്പോള്‍. കമലിന്റെ ‘അന്‍പേ ശിവം’ എന്ന ചിത്രത്തില്‍ നിന്നും ഇന്‍സ്‌പെയര്‍ ആയാണ് ശ്രീനാഥ് ഭാസി ദൈവത്തെ കുറിച്ച് സംസാരിക്കുന്ന സീന്‍ ചിദംബരം ചിത്രത്തില്‍ ഒരുക്കിയത്.

No description available.

‘ശബരിമലയില്‍ പോയിട്ടില്ലേ, ദൈവത്തില്‍ വിശ്വാസമില്ലേ’ എന്ന് ഖാലിദ് റഹ്‌മാന്‍ അവതരിപ്പിച്ച കഥാപാത്രം പ്രസാദ് ചോദിക്കുമ്പോള്‍, ‘എന്താ മച്ചാനേ ദൈവം’ എന്നാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് എന്ന കഥാപാത്രം തിരിച്ചു ചോദിക്കുന്നത്. ഈ രംഗമാണ് അന്‍പേ ശിവം ചിത്രത്തില്‍ നിന്നും ഇന്‍സ്‌പെയര്‍ ആയി ചിദംബരം ഒരുക്കിയത്.

ചിത്രത്തില്‍ കമലും മാധവനും സംസാരിക്കുന്നതിനിടെ ‘യാര് അന്ത കടവുള്‍’ എന്ന് ചോദിക്കുന്ന സീനാണ് ഇതിന് ആധാരമാക്കിയത്. കമല്‍ ഹാസന്റെ മിക്ക സിനിമകളിലും ആരാണ് ദൈവം, എന്താണ് ദൈവം എന്നുള്ള ചോദ്യം ഉണ്ടാകും അതാണ് താന്‍ ഉപയോഗിച്ചത് എന്നാണ് ഒരു അഭിമുഖത്തില്‍ ചിദംബരം വ്യക്തമാക്കിയിരിക്കുന്നത്.