വി.എസ് അച്യുതാനന്ദനെ അളക്കാന്‍ ഉപയോഗിച്ച അതേ മാനദണ്ഡം കൊണ്ട് വി.ഡി സതീശനെ അളക്കാനാവില്ല: സ്വരാജിന് എതിരെ റോജി

 

വിഡി സതീശനെ വിമര്‍ശിച്ചുകൊണ്ടുള്ള എം സ്വരാജിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി എംഎല്‍എ റോജി എം ജോണ്‍. സ്വന്തം സ്ഥാനാര്‍ഥിയെക്കുറിച്ചും, കമ്മിഷന്‍ റെയിലിനെക്കുറിച്ചും ഒന്നും പറയാനില്ലാത്തതുകൊണ്ടാവാം വെറുതെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കികൊണ്ടിരിക്കുന്നത് എന്നാണ് റോജി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വി.ഡി സതീശനെ അളക്കാന്‍ സ്വരാജ് ആയിട്ടെന്നും റോജി കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതലുള്ള ശ്രീ എം സ്വരാജിന്റെ വാദങ്ങള്‍ വിചിത്രമാണ്. സ്വന്തം സ്ഥാനാര്‍ത്ഥിയെക്കുറിച്ചും, കമ്മീഷന്‍ റെയിലിനെക്കുറിച്ചും ഒന്നും പറയാനില്ലാത്തതുകൊണ്ടാവും വെറുതെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഒടുവിലത്തെ അദ്ദേഹത്തിന്റെ ജല്‍പ്പനം പ്രതിപക്ഷ നേതാവിന് എതിരെയാണ്. ശ്രീ വി ഡി സതീശനെപ്പോലെ ഒരാള്‍ക്ക് സ്വരാജിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് ആര്‍ക്കാണ് അറിയാത്തത് .

പറവൂര്‍ പോലൊരു മണ്ഡലത്തില്‍ ഓരോ ഇലക്ഷനും ഭൂരിപക്ഷം ക്രമാതീതമായി ഉയര്‍ത്തുവാന്‍ വി ഡി സതീശന് കഴിഞ്ഞിട്ടുണ്ടെങ്കില്‍, അത് ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളത് കൊണ്ടാണ്. തൃപ്പൂണിത്തുറയില്‍ നിന്നും ഒറ്റത്തവണ കൊണ്ട് തിരിച്ചോടേണ്ടി വന്ന സ്വരാജിന് അത് മനസ്സിലാവില്ലാ.

കെ ബാബു മതം പറഞ്ഞ് വോട്ട് വാങ്ങി എന്നും പറഞ്ഞു നടക്കുന്ന സ്വരാജ് ആണ് ലിസി ആശുപത്രിയില്‍ CPM നടത്തിയ നാടകത്തില്‍ ഒരു സുപ്രധാന വേഷം കെട്ടിയത്. സ്വരാജിന്റെ നേതാവ് ഒരു ബിഷപ്പിനെ ഏറ്റവും നിന്ദ്യമായ രീതിയില്‍ അധിക്ഷേപിച്ചതും, സഭയുടെ മറ്റൊരു സ്ഥാപനമായ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ CPM ന്റെ നേതൃത്വത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിക്രമം നടത്തിയതും ഒക്കെ ഇദ്ദേഹത്തിന് ഓര്‍മ്മ ഉണ്ടോ ആവൊ എന്തായാലും സ്വരാജിന്റേയും മറ്റ് CPM നേതാക്കളുടെയും ഇപ്പോഴത്തെ സഭാ സ്‌നേഹം കാലം നിയോഗിച്ച പ്രായശ്ചിത്ത കര്‍മ്മം ആണ്. അത് തൃക്കാക്കര ഇലക്ഷന്‍ കഴിഞ്ഞും ചെയ്യണം.

വി എസ് അച്യുതാനന്ദനെ അളക്കാന്‍ സ്വരാജ് ഉപയോഗിച്ച അതേ മാനദണ്ഡം കൊണ്ട് വി ഡി സതീശനെ അളക്കാനാവില്ല എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് നിര്‍ത്തുന്നു.