യോഗി ആദിത്യനാഥ് നാളെ യു.പി മന്ത്രിസഭ പുന:സംഘടിപ്പിക്കാൻ സാധ്യത

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന തിങ്കളാഴ്ച വൈകുന്നേരം നടക്കുമെന്ന് റിപ്പോർട്ട്. അര ഡസൻ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നും പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള നിയമസഭാ സാമാജികർക്ക് മന്ത്രാലയത്തിൽ സ്ഥാനം ലഭിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. ചില മന്ത്രിമാരെ ഒഴിവാക്കാൻ സാധ്യതയുണ്ട്, ചിലരുടെ മന്ത്രിസ്ഥാനങ്ങളിൽ മാറ്റം വരും .

പുന:സംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തർപ്രദേശ് ബി.ജെ.പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങും വെള്ളിയാഴ്ച ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയെ ഡൽഹിയിൽ സന്ദർശിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം യോഗി സംസ്ഥാന ഗവർണർ ആനന്ദിബെൻ പട്ടേലിനെ സന്ദർശിച്ച് ഇക്കാര്യം അറിയിച്ചു.

യോഗി മന്ത്രിസഭയിൽ നിലവിൽ 43 മന്ത്രിമാരുണ്ട് – 21 കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സംസ്ഥാന മന്ത്രിമാർ, 13 സംസ്ഥാന മന്ത്രിമാർ. മന്ത്രാലയത്തിൽ നിലവിൽ 17 ഒഴിവുകളാണുള്ളത്.