എൻ.‌പി‌.ആർ പിൻ‌വലിക്കാൻ മാർച്ച് വരെ സമയം തരും, ഇല്ലെങ്കിൽ ഞങ്ങൾ ഡൽഹിയിലേക്ക് വരും; മോദിക്ക് അന്ത്യശാസനവുമായി കണ്ണൻ ഗോപിനാഥൻ

ദേശീയ ജനസംഖ്യാ രജിസ്റ്റർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  മോദിക്ക് അന്ത്യശാസനം നൽകി മുൻ ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ട്വീറ്റിലൂടെയാണ് കണ്ണന്റെ മുന്നറിയിപ്പ്. മാർച്ച്  വരെ സമയം തരും അതിനുള്ളില്‍ എൻ.‌പി‌.ആർ വിജ്ഞാപനം പിൻ‌വലിക്കണമെന്നാണ് കണ്ണൻ ഗോപിനാഥൻറെ മുന്നറിയിപ്പ്.

“പ്രിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഈ എൻ.‌പി‌.ആർ വിജ്ഞാപനം പിൻ‌വലിക്കാൻ നിങ്ങൾക്ക് മാർച്ച് വരെ സമയമുണ്ട്. അത് കഴിഞ്ഞാല്‍, ഞങ്ങൾ ഓരോ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും. എന്‍.പി.ആര്‍ പിൻ‌വലിക്കുന്നതു വരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങൾക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല,” കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു.

തന്റെ ട്വീറ്റിനെ കുറിച്ച് വിശദീകരിച്ച ഗോപിനാഥൻ, എൻ‌.ആർ.‌സിയുടെ നടപടിക്രമങ്ങളെ കുറിച്ച് സർക്കാർ തീരുമാനിച്ചിട്ടില്ലെങ്കിൽ എൻ‌.പി‌.ആറിന്റെ ആവശ്യകതയെന്താണെന്ന് ചോദിച്ചു. “ഞങ്ങൾ നരേന്ദ്രമോദിയോട് ഇത് ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്. എൻ‌.ആർ.‌സിയുടെ ആദ്യപടിയാണ് എൻ‌.പി.ആർ എന്നാണ് നിങ്ങളുടെ സർക്കാർ പറയുന്നത്. എൻ‌.ആർ‌.സിയുടെ നടപടിക്രമങ്ങളെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും നിങ്ങൾ പറയുന്നു. ഇതില്‍ പൊരുത്തക്കേടില്ലേ? നിങ്ങൾ ഇതുവരെ എൻ‌.ആർ‌.സിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് എൻ.‌പി‌.ആർ ഇപ്പോൾ നടപ്പിലാക്കുന്നത്? അതുകൊണ്ട് തന്നെ എൻ‌.ആർ‌.സിയിൽ വ്യക്തത ഉണ്ടാകുന്നതുവരെ എൻ‌.പി‌.ആർ നിർത്തിവെയ്ക്കണം.” – കണ്ണന്‍ പറഞ്ഞു. സി‌.എ‌.എ ഭരണഘടനാ വിരുദ്ധമാണെന്നും കണ്ണന്‍ പറഞ്ഞു. ‌ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിച്ചതിലും പ്രതിഷേധിച്ച് കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ഓഗസ്റ്റിൽ സിവിൽ സർവീസില്‍ നിന്നു രാജിവെച്ചിരുന്നു.