'കൈ വീശുന്നത് രാഹുൽ അല്ല, ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്ക് അപരനുണ്ട്'; വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അസം മുഖ്യമന്ത്രി

ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധിക്ക് അപരനുണ്ടെന്ന ഗുരുതര ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബസിൽ ഇരുന്നുകൊണ്ട് ജനങ്ങൾക്കു നേരെ കൈവീശിയത് രാഹുൽ അല്ലെന്നാണ് അസം മുഖ്യമന്ത്രിയുടെ ആരോപണം. അപരനെ സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് വാർത്താ സമ്മേളനത്തിൽ ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

‘അപരാനുണ്ടെന്ന് വെറുതെ പറയുന്നതല്ല. അപരന്റെ പേര്, എങ്ങനെയാണ് അക്കാര്യം നടപ്പാക്കിയത് തുടങ്ങി എല്ലാ വിശദാംശങ്ങളും പങ്കിടും. കുറച്ച് ദിവസം കാത്തിരിക്കൂ’ – എന്നാണ് ശനിയാഴ്ച സോണിത്പൂരിൽ മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി പറഞ്ഞത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ താൻ ഗുവാഹട്ടിയിൽ ഉണ്ടാവില്ലെന്നും, തിരിച്ചെത്തിയാൽ ഉടൻ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുമെന്നും ഹിമന്ത കൂട്ടിച്ചേർത്തു.

ഈ മാസം 18 മുതൽ 25 വരെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ സഞ്ചരിച്ചത്. അസമിലെ യാത്രയ്ക്കിടെ മുഖ്യമന്ത്രിയും രാഹുലും തമ്മിൽ വാക്പോരുണ്ടാകുകയും ഗുവാഹട്ടി അടക്കമുള്ള സഥലങ്ങളിൽ യാത്രയ്ക്കിടെ പ്രതിഷേധങ്ങളും സംഘർഷങ്ങളും ഉണ്ടാവുകയും ചെയ്തിരുന്നു. അസമിലെ വിവിധയിടങ്ങളിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ഹിമന്തയുടെ നിർദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. യാത്ര സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി.

രാഹുലിന്റെ യാത്ര ഗുവാഹത്തിയിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിച്ചതോടെ ആയിരുന്നു സംഘർഷം ഉണ്ടായത്. ഗുവാഹത്തി നഗരത്തിലൂടെയുള്ള മുൻനിശ്ചയിച്ച റൂട്ടുകളിൽ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാൽ സംഘർഷ സാധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് രാഹുലിന്റെ ന്യായ് യാത്ര നീങ്ങിയത്. യാത്ര ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനായി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ കോൺഗ്രസ് പ്രവർത്തകർ തകർത്തിരുന്നു.

അയ്യായിരത്തോളം കോൺഗ്രസ് പ്രവർത്തകരാണ് യാത്ര ഗുവാഹത്തിയിലേക്ക് എത്തുമ്പോൾ രാഹുലിനൊപ്പം ഉണ്ടായിരുന്നത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിചാർജ് നടത്തുകയും ചെയ്തു. നിരവധി പേർക്ക് പരുക്കേറ്റു. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുത്തതോടെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പോലീസിനോട് നിർദേശിച്ചത്.

രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കനയ്യ കുമാർ തുടങ്ങി കണ്ടാലറിയുന്ന നേതാക്കൾക്ക് എതിരെ അക്രമണം, പ്രകോപനം സൃഷ്ടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പൊലീസുകാരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ഹിമന്ത ബിശ്വ ശർമ തന്നെയാണ് നേതാക്കൾക്ക് എതിരെ കേസെടുത്ത വിവരം പങ്കുവച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് വിഷയം രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കാത്തതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുമെന്നും ഹിമന്ത വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് രാഹുൽ ഗാന്ധി നടത്തിയ ഇടപെടലുകളെ നക്‌സലൈറ്റ് തന്ത്രമെന്നായിരുന്നു ഹിമന്ത വിശേഷിപ്പിച്ചത്. രാഹുൽ ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയാണെന്നും ഹിമന്ത ആരോപിച്ചു. എന്നാൽ, രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി എന്നായിരുന്നു ഹിമന്തയ്ക്ക് മറുപടിയായി രാഹുൽ ഗാന്ധിയുടെ പ്രതികരണം. തന്നെ പ്രകോപിപ്പിക്കാനാണ് മുഖ്യമന്ത്രിയും ബിജെപിയും ശ്രമിക്കുന്നതെന്നും താൻ അതിൽ വീഴില്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു.

ഹിമന്ത ഒറ്റയ്ക്കല്ല അസം ഭരിക്കുന്നത്. ഭരണം ഡൽഹിയിൽ നിന്നാണ്. കേന്ദ്രത്തിന് താല്പര്യമില്ലാത്ത ഒരു വാക്കുപോലും മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കില്ല. മുഖ്യമന്ത്രിക്കെതിരെ നിരവധി കേസുകളുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് കേന്ദ്രത്തിനെതിരെ സംസാരിക്കാനാകില്ല. സാധാരണക്കാരായ ബിജെപി പ്രവർത്തകർക്ക് പോലും ഈ മുഖ്യമന്ത്രിയെ വേണ്ട. ഇദ്ദേഹത്തെ മുകളിൽനിന്ന് നിയമിച്ചതാണെന്നായിരുന്നു രാഹുലിന്റെ കടുത്ത ഭാഷായിലെ പ്രതികരണം.

യാത്രയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങളെയും രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. താൻ കണ്ടത് പ്രതിഷേധമായിരുന്നില്ല. താൻ കടന്നുപോകുന്ന റോഡിന്റെ വശങ്ങളിൽ തടിച്ചുകൂടിയ ആളുകൾ ഒരു കയ്യിൽ ബിജെപി കൊടിയേന്തി മറ്റേ കൈ കൊണ്ട് തന്നെ അഭിവാദ്യം ചെയ്യുന്നു. ഇതിനെ എങ്ങനെ പ്രതിഷേധമെന്നു വിളിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

അസമിൽ നേരിട്ട സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് ഏഴുതിയിരുന്നു. രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് മതിയായ സുരക്ഷ ഒരുക്കാൻ അസം പോലീസിന് നിർദേശം നൽകണം എന്നായിരുന്നു കത്തിലെ ആവശ്യം. അസമിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രയ്‌ക്കെതിരെ ആദ്യം മുതൽ തന്നെ എതിർപ്പുകൾ പ്രകടിപ്പിച്ചിരുന്ന അസം മുഖ്യമന്ത്രി, രാഹുലിനെതിരെയുള്ള കേസെടുക്കലിനും വാക്പോരിനും ശേഷമാണ് ‘അപരൻ’ ആരോപണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.