രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വിജയ് പങ്കെടുത്തേക്കും; ടിവികെ-കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍

സിനിമതാരം വിജയ് നേതൃത്വം നല്‍കുന്ന ടിവികെ കോണ്‍ഗ്രസുമായി അടുക്കാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ടിവികെ നേതാവ് വിജയ് പങ്കെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിക്കും ഡിഎംകെയ്ക്കുമെതിരേ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട വിജയ് വോട്ടുകൊള്ളയ്‌ക്കെതിരേ രാഹുല്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

രാഹുലിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 17-ന് ആരംഭിച്ച വോട്ടര്‍ അധികാര്‍ യാത്രയില്‍ രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ, കലാ, സാംസ്‌കാരിക മേഖലകളിലുള്ളവരെയും പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. യാത്രയില്‍ വിജയ് പങ്കെടുക്കുന്നത് ഭാവിയില്‍ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതിന് സഹായകമാവുമെന്നാണ് ടിവികെ നേതൃത്വം കരുതുന്നത്. ബുധനാഴ്ചയാണ് സ്റ്റാലിന്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്തത്.

Read more

നിയമസഭാ തിരഞ്ഞെടുപ്പിനുമുന്‍പ് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെയും ചെറുകക്ഷികളെയും ചേര്‍ത്ത് മൂന്നാം മുന്നണിയുണ്ടാക്കാന്‍ ടിവികെ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. പ്രേമലതാ വിജയകാന്തിന്റെ ഡിഎംഡികെയെയും എസ് രാംദാസിന്റെ പിഎംകെയെയുമാണ് ടിവികെ ലക്ഷ്യംവെക്കുന്നത്.