പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയില്ല: ഡല്‍ഹി ഹൈക്കോടതി

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പ്രവര്‍ത്തനയോഗ്യമാണെങ്കിലും അവയുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. 16 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ണ പ്രവര്‍ത്തനക്ഷമതയുള്ള വാഹനം ഓടിക്കാന്‍ അനുമതി തേടി 72 വയസുകാരനായ പെന്റപടി പുല്ല റാവു നല്‍കിയ ബര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

15 വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും ആകെ 20,000 കിലോമീറ്റര്‍ മാത്രമാണ് കാര്‍ ഓടിയിട്ടുള്ളത്. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. അതിനാല്‍ വാഹനത്തിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും പഴക്കം ചൂണ്ടിക്കാട്ടി കാറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

15 വര്‍ഷ കാലാവധി പൂര്‍ത്തിയായ വാഹനങ്ങള്‍ വീണ്ടും റജിസ്ട്രേഷന്‍ നടത്തേണ്ടതില്ലെന്ന ഉത്തരവോടെ പഴയ വാഹനങ്ങള്‍ വളരെ വിലകുറച്ചാണ് വാങ്ങുന്നത്. ഇടനിലക്കാര്‍ തന്റെ കാര്‍ 25,000-30,000 രൂപയ്ക്കാണ് ചോദിക്കുന്നത്. ഇത് പുതിയ കാര്‍ വാങ്ങാന്‍ തികയില്ല. മുതിര്‍ന്ന പൗരന്‍ ആയതിനാല്‍ പുതിയ കാര്‍ വാങ്ങാന്‍ വായ്പ കിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു.

എന്നാല്‍ പഴക്കമുള്ള വാഹനങ്ങള്‍ പ്രവര്‍ത്തന യോഗ്യമാണെങ്കിലും മലിനീകരണ നിയന്ത്രണ ക്ഷമതയുണ്ടെങ്കിലും അവ പുതുക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഒപ്പം കാലാവധി പിന്നിട്ട വാഹനങ്ങളുടെ വില്‍പനയ്ക്ക് എന്‍ഒസി നല്‍കാന്‍ മോട്ടര്‍ വാഹന വകുപ്പിനോടും നിര്‍ദ്ദേശിച്ചു. ഇത്തരം വാഹനങ്ങള്‍ നിയമപരമായി ഓടിക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങളിലേക്ക് ഇവ കൊണ്ടുപോകാന്‍ വേണ്ടിയാണ് എന്‍ഒസി നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് 2014ല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഡല്‍ഹിയില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷന്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന ഉത്തരവിടുകയായിരുന്നു. 2015 ഏപ്രിലില്‍ ഈ ഉത്തര്വ് പുതുക്കി. 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും പുതുക്കേണ്ടതില്ലെന്നായിരുന്നു പുതുക്കിയ ഉത്തരവ്. കാലാവധി കഴിഞ്ഞിട്ടും ഓടിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് 2018 ല്‍ ഡല്‍ഹി സര്‍ക്കാരും ഉത്തരവിറക്കിയിരുന്നു.

സമീപകാലത്ത് പതിനഞ്ചു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ വീണ്ടും രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ അടയ്‌ക്കേണ്ട തുക കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. 022 ഏപ്രില്‍ ഒന്ന് മുതല്‍ ഈ ഉത്തരവ് 1989 ലെ കേന്ദ്ര വാഹന നിയമത്തിന്റെ ഭാഗമായി മാറി.