ജാമ്യത്തിന് വീണ്ടും ബോംബെ ഹൈക്കോടതിയെ സമീപിച്ച്‌ വരവര റാവു

എൽഗർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തെലുങ്ക് കവിയും ആക്ടിവിസ്റ്റുമായ വരവര റാവു ജയിൽ മോചനത്തിനായി ബോംബെ ഹൈക്കോടതിയെ സമീപിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. ജാമ്യാപേക്ഷ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോടതി പരിഗണിക്കും.

കഴിഞ്ഞ മാസം വരവര റാവുവിന്റെ ഭാര്യ പെൻഡ്യാല ഹേമലത ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ കസ്റ്റഡി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും ഇത് അദ്ദേഹത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ഭാര്യ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ, ഒക്ടോബർ 29-ന് ജസ്റ്റിസ് യു യു ലളിത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജി ബെഞ്ച് 81 വയസുള്ള വരവര റാവുവിന് ജാമ്യം നൽകാൻ വിസമ്മതിച്ചു.

റാവുവിന്റെ ജാമ്യാപേക്ഷ സെപ്റ്റംബർ 17 മുതൽ ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നും സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു, എന്നാൽ നടപടി സ്വീകരിക്കാൻ വിസമ്മതിച്ചു. റാവുവിന്റെ മെഡിക്കൽ അപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്ന് ജഡ്ജിമാർ ഹൈക്കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.

വ്യക്തിപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനായി തങ്ങളുടെ അധികാരപരിധി വിനിയോഗിക്കാൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹൈക്കോടതികളോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച കോടതി വാദം കേൾക്കുന്നത് എന്ന പ്രത്യേകത ഉണ്ട്. ആത്മഹത്യാപ്രേരണ കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും മറ്റ് രണ്ട് പേർക്കും ജാമ്യം അനുവദിക്കുന്നതിനിടെയാണ് ചന്ദ്രചൂഡ് ഈ നിരീക്ഷണം നടത്തിയത്.