ഡല്‍ഹിയിലിരുന്ന് സ്വീഡനിലുള്ള കാര്‍ ഓടിച്ച് പ്രധാനമന്ത്രി; വീഡിയോ

5ജി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വീഡനിലുള്ള കാര്‍ ഡല്‍ഹിയിലിരുന്ന് ഓടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈല്‍ കോണ്‍ഗ്രസ് 2022ന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രിയുടെ ‘ടെസ്റ്റ് ഡ്രൈവ്’.

മൊബൈല്‍ കോണ്‍ഫറന്‍സിലെ എറിക്സണ്‍ ബൂത്തിലിരുന്നാണ് പ്രധാനമന്ത്രി സ്വീഡനിലുള്ള കാര്‍ ഓടിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക.

ഇതില്‍ എട്ട് നഗരങ്ങളില്‍ ഇന്നു തന്നെ സേവനം ലഭ്യമായി തുടങ്ങും. 2024-ഓടെ രാജ്യത്തുടനീളം 5ജി സേവനം ലഭ്യമാകും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം.