ഹൈക്കോടതിയെ സമീപിക്കൂ, അറസ്റ്റില്‍ ഇടപെടേണ്ട സാഹചര്യമില്ല; ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ കൈവിട്ട് സുപ്രീംകോടതി

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ അറസ്റ്റില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സുപ്രീംകോടതി. കേസില്‍ ഹൈകോടതിയെയാണ് സമീപിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.

നിലവില്‍ അറസ്റ്റില്‍ സുപ്രീംകോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിയമ വിരുദ്ധമായാണ് സി.ബി.ഐയുടെ അറസ്റ്റും നടപടികളുമെന്നും, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സിസോദിയയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചത്. കോടതിയില്‍ നിന്നും അനുകൂല വിധി ലഭിക്കാതായതോടെയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദി രാജിവച്ചത്.