യു.പി തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ല; വോട്ടര്‍പട്ടിക ജനുവരി 5-ന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക എന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക അകലം ഉറപ്പാക്കാന്‍ വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ നീട്ടും. രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടിംഗ് ബൂത്തുകളുടെ എണ്ണവും കൂട്ടും. 11,000 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ സ്ഥാപിക്കും. ഒരു ലക്ഷത്തോളം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സൗകര്യവും ഉണ്ടാകും. 80 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിച്ചവര്‍ എന്നിവര്‍ക്ക് വീട്ടില്‍ ഇരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കുമെന്നും അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതായും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

ജനുവരി 5ന് യുപിയിലെ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നീട്ടാനുള്ള സാദ്ധ്യത പരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഉത്തര്‍പ്രദേശില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഉത്തര്‍പ്രദേിന് പുറമെ പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് വരാനിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഒമൈക്രോണ്‍ സാഹചര്യവും വാക്‌സിനേഷന്‍ വിവരങ്ങളും കേന്ദ്ര ആരോഗ്യസെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.