റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ; വീഡിയോ പുറത്തുവിട്ട് ബി.ജെ.പി

കേന്ദ്രമന്ത്രി നാരായൺ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്. റാണെ ഭക്ഷണം കഴിക്കുന്നതിനിടെ അറസ്റ്റ് ചെയ്യുന്ന വീഡിയോ  ബിജെപി നേതാക്കള്‍ പുറത്തുവിട്ടു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു കേന്ദ്രമന്ത്രിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ചിപ്ലുനിൽ വച്ച് രത്നഗിരി എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പാർട്ടിപ്രവർത്തകർക്കിടയിൽ നിന്ന് നാരായൺ റാണയെ അറസ്റ്റ് ചെയ്തത്. ബിജെപിയുടെ ജൻ ആശീർവാദ് യാത്രയ്ക്കിടെയാണ് റായ്ഗഡിൽ വച്ച് നാരായൺ റാണെ പ്രകോപനപരമായ പ്രസംഗം നടക്കിയത്. സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ സ്വാതന്ത്ര്യം കിട്ടിയ വർഷം മുഖ്യമന്ത്രിക്ക് ഓർമ്മ വന്നില്ലെന്നും താൻ വേദിയിലുണ്ടായിരുന്നെങ്കിൽ തല്ലിയേനെയെന്നുമായിരുന്നു റാണെയുടെ വാക്കുകൾ. ഈ പരാമര്‍ശമാണ് വിവാദമായത്.

ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാസിക് പോലീസ് റാണെയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ സൃഷിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കളും ആരോപിച്ചിരുന്നു. അതേസമയം കേന്ദ്രമന്ത്രിയുടെ അറസ്റ്റ് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ആരോപിച്ചു.

മുന്‍ ശിവസേന നേതാവ് കൂടിയാണ് രണ്ടാംമോദി സര്‍ക്കാരിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ വകുപ്പു മന്ത്രിയായ റാണെ. 2005ല്‍ ശിവസേന വിട്ട റാണെ 2017 വരെ കോണ്‍ഗ്രസില്‍ തുടര്‍ന്നു. പിന്നീട് മഹാരാഷ്ട്ര സ്വഭിമാന്‍ പക്ഷം എന്ന പാര്‍ട്ടിയുണ്ടാക്കി. 2019ല്‍ ബിജെപിയിലേക്ക് ചേക്കേറിയ റാണെ തന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയും ചെയ്തു.