'ശിവസേനയെ വഞ്ചിച്ചിരിക്കുന്നത് സ്വന്തം ആളുകൾ തന്നെ, താത്പര്യമില്ലാത്തവർക്ക് പോകാം'; ഉദ്ധവ് താക്കറെ

ശിവസേനയിൽ താത്പര്യമില്ലാത്തവർക്ക് പോകാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഏക്നാഥ് ഷിന്‍ഡെയും ബി.ജെ.പിയും ചേര്‍ന്ന് ശിവസേന കേഡര്‍മാരെയും പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവരെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും, സേനയെ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും താക്കറെ പറഞ്ഞു. വെള്ളിയാഴ്ച പാര്‍ട്ടിപ്രവര്‍ത്തകരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുന്നതിനിടെയാണ് താക്കറെ ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണക്കാരായ ശിവസേന പ്രവർത്തകർ തന്‍റെ സ്വത്ത് ആണെന്നും, അവർ തന്നോടൊപ്പമുള്ളിടത്തോളം മറ്റുള്ളവരുടെ വിമർശനങ്ങൾ താൻ കാര്യമാക്കുന്നില്ലെന്നും, ഈ നിർണായക സമയത്ത് പാർട്ടിക്കൊപ്പം നിൽക്കുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലന്നും താക്കറെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.

ശിവസേനയെ സ്വന്തം ആളുകള്‍ തന്നെയാണ് വഞ്ചിച്ചിരിക്കുന്നത്. പാർട്ടിയെ നയിക്കാൻ തനിക്ക് കഴിവില്ലെന്ന് സേന പ്രവർത്തകർക്ക് തോന്നിയാൽ പാർട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും താക്കറെ പറഞ്ഞു. ശിവസേന ഒരു പ്രത്യയശാസ്ത്രമാണ്. ഹിന്ദു വോട്ട് ബാങ്ക് ആരുമായും പങ്കിടാൻ ആഗ്രഹിക്കാത്തതിനാൽ അത് അവസാനിപ്പിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നു.

വിമത ഗ്രൂപ്പിന് ബി.ജെ.പിയിൽ ചേരുകയല്ലാതെ മറ്റൊരു മാർഗവുമില്ല, സർക്കാർ രൂപീകരിക്കുന്നതിൽ വിജയിച്ചാലും അത് അധികനാൾ നിലനിൽക്കില്ല. കാരണം അവരിൽ പല എംഎൽഎമാരും യഥാർത്ഥത്തിൽ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു. വിമതർക്ക് അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല. പാര്‍ട്ടിയില്‍ നിന്നും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോകാം. താന്‍ പുതിയ ശിവസേന രൂപീകരിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.