ഉദയ്പൂര്‍ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

ഉദയ്പൂര്‍ കൊലപാതക കേസില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയില്‍ പങ്കെടുത്ത വസീം അലിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട കനയ്യ ലാലും വസീം അലിയും തൊട്ടടുത്ത് കട നടത്തിയിരുന്നവരാണ്. കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂലൈ 12 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു.

പ്രവാചകന് എതിരെ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജൂണ്‍ 28നാണ് സംഭവം.സംഭവം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കനയ്യ ലാലിന്റെ ശരീരത്തില്‍ 26 മുറിവുകളുണ്ടായിരുന്നു.

അതേസമയം കനയ്യലാലിന്റെ മക്കള്‍ക്ക് ജോലി നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.