'ട്രംപിന്റെ തീരുമാനം അന്യായവും യുക്തി രഹിതവും, ആവശ്യമായ നടപടി സ്വീകരിക്കും'; പിഴ തീരുവയില്‍ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കെതിരെയുള്ള ഡോണള്‍ഡ് ട്രംപിന്റെ പിഴ തീരുവയില്‍ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയ്ക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തിയ അമേരിക്കയുടെ തീരുമാനം അന്യായവും യുക്തി രഹിതവും നീതീകരിക്കപ്പെടാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ കുറച്ച് ദിവസങ്ങളായി അമേരിക്ക ഇന്ത്യയെ ലക്ഷ്യം വെക്കുകയാണ്. ഈ വിഷയത്തില്‍ നേരത്തെ നമ്മുടെ നിലപാട് വ്യക്തമാക്കിയതാണ്. വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യവും ഇതില്‍ ഉള്‍പ്പെടുന്നു.

അമേരിക്കയുടെ നടപടി അങ്ങയറ്റം നിര്‍ഭാഗ്യകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യ താല്‍പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ തുടര്‍ന്നാണ് അമേരിക്ക ഇന്ത്യയ്ക്ക് 25 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

Read more