മുതിര്‍ന്ന പൗരന്മാരുടെ യാത്രാഇളവുകള്‍ പുനഃസ്ഥാപിക്കണം; റെയില്‍വേ മന്ത്രിക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉണ്ടായിരുന്ന ട്രെയിന്‍ യാത്രാ ഇളവുകള്‍ റദ്ദാക്കിയ നടപടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. കോവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ ഇളവുകള്‍ പുനഃസ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡിനെ തുടര്‍ന്ന് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് യാത്രയ്ക്കുള്ള അനുവാദം നിഷേധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യാത്രാ നിരക്കുള്‍പ്പെടെയുള്ള ഇളവുകള്‍ നിര്‍ത്തലാക്കുകയായിരുന്നു. ഇളവുകള്‍ താത്ക്കാലികമായി നിര്‍ത്തലാക്കുന്നുവെന്നായിരുന്നു ഉത്തരവ്. ഇപ്പോള്‍ ട്രെയിന്‍ യാത്ര പുനസ്ഥാപിക്കപ്പെട്ടെങ്കിലും ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് എം പിയുടെ കത്തയച്ചത്.

Read more

രാജ്യത്തെ പൗരന്മാര്‍ക്ക് ചെലവു കുറഞ്ഞതും സുഗമവുമായ ഗതാഗതസൗകര്യം ഒരുക്കുക എന്നതാണ് ഇന്ത്യന്‍ റെയില്‍വേയുടെ പ്രധാന ഉദ്ദേശ്യം. മുതിര്‍ന്ന പൗരന്‍മാരുടെ യാത്രാനിരക്ക് ഇളവ് പുനഃസ്ഥാപിക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോവിഡിനു മുമ്പ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിനിലുണ്ടായിരുന്ന നിരക്കില്‍ ഇളവ് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. സാധാരണ ടിക്കറ്റ് നിരക്കു തന്നെ സബ്സിഡിയുള്ളതാണ്. പ്രവര്‍ത്തനച്ചെലവുകള്‍ക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും യാത്രക്കാരില്‍ നിന്ന് 45 രൂപയേ ഈടാക്കുന്നുള്ളൂവെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.