പോരാട്ടച്ചൂടിലേക്ക്; യു.പിയും ഉത്തരാഖണ്ഡും ഗോവയും ഇന്ന് പോളിംഗ് ബൂത്തിൽ

ഗോവ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഗോവയിലെ 40 നിയോജക മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ 70 നിയോജക മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പടിഞ്ഞാറന്‍ യുപിയിലെ 9 ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് പ്രശ്‌ന ബാധിത മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. ഗോവയും ഉത്തരാഖണ്ഡും കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ്. ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം,തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.

ഗോവയില്‍ ആം ആദ്മി പാര്‍ട്ടിക്കും നിര്‍ണായക സ്വാധീനമുണ്ട്. രണ്ടു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ് എന്നാണ് സൂചനകള്‍. ഉത്തരാഖണ്ഡില്‍ ഇതുവരെ ഭരണത്തുടര്‍ച്ച ഉണ്ടായിട്ടില്ല. 2017ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ബിജെപി ഇത്തവണ ഇവിടെ ഭരണ തുടര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.