മൂന്നാംഘട്ട ചര്‍ച്ചയും പരാജയം; സമരം ശക്തി പ്രാപിക്കുമെന്ന് കര്‍ഷകര്‍; ദേശീയ ബന്ദ് ആരംഭിച്ചു

കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. മൂന്നാം തവണ ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആരംഭിച്ച ചര്‍ച്ച അഞ്ച് മണിക്കൂറോളം നീണ്ടു നിന്നു. കര്‍ഷകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. കര്‍ഷക നേതാക്കളുമായി ഞായറാഴ്ച വീണ്ടും കേന്ദ്ര മന്ത്രിമാര്‍ ചര്‍ച്ച നടത്തും. സമരം വീണ്ടും ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി-ഹരിയാന അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കര്‍ഷക സമരം ഹരിയാന അതിര്‍ത്തിയില്‍ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാനയിലെ റവാരിയില്‍ എത്തും. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മോദി എത്തുന്നത്. അതേ സമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ ബന്ദ് ആരംഭിച്ചു.