അവിവാഹിതരായ സ്ത്രീകള്‍ക്കും 24 ആഴ്ച്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് അവകാശമെന്ന് സുപ്രീംകോടതി

അവിവാഹിതരായ സ്ത്രീകള്‍ക്കും 24 ആഴ്ച്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി. ഗര്‍ഭ നിരോധന നിയമത്തിന് കീഴില്‍ വിവാഹിതര്‍ എന്നോ അവിവാഹിതര്‍ എന്നോ ഉള്ള വേര്‍തിരിവില്ല. അവിവാഹിതരായവര്‍ക്കും സ്വന്തം ശരീരത്തിന്‍മേലുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം. സ്ത്രീകള്‍ക്ക് അവരുടെ അന്തസ് സംരക്ഷിക്കാന്‍ സമത്വം ഉറപ്പാക്കേണ്ടതുണ്ട്, അല്ലാതെയുള്ള വേര്‍തിരിവുകള്‍ യുക്തിരഹിതമാണെന്നും കോടതി ചൂണ്ടികാട്ടി.

ഗര്‍ഭച്ഛിദ്ര നിരോധന നിയമപ്രകാരം വിവാഹിതര്‍ക്ക് മാത്രമാണ് 24 വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ അവിവാഹിതരെ കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതാണ് കോടതിയുടെ നിരീക്ഷണം.

അവിവാഹിതര്‍ക്ക് ഈ അവകാശം നിഷേധിക്കപ്പെടുകയാണ്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യമാണെന്നിരിക്കെ ഗര്‍ഭം അലസിപ്പിക്കുന്നതില്‍ നിന്ന് അവിവാഹിതരായ സ്ത്രീകളെ എന്തിന് തടയണമെന്നും സുപ്രീംകോടതി ചോദിച്ചു. നിലവില്‍ 20 ആഴ്ച്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ മാത്രമേ അവിവാഹിതരായ സ്ത്രീകള്‍ക്ക് അനുമതിയുള്ളൂ.