കൈപ്പത്തിയിലെ രേഖകള്‍ വീണ്ടും മായുന്നു; വിജേന്ദര്‍ സിംഗും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

ലോക്‌സഭ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നവരുടെ പട്ടിക അവസാനിക്കുന്നില്ല. ഒടുവിലായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത് ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് ആണ്. കോണ്‍ഗ്രസ് ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് വിജേന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടത്.

രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വിജേന്ദര്‍ 2019ല്‍ ആണ് കോണ്‍ഗ്രസിലെത്തിയത്. അതേ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജേന്ദര്‍ സിംഗ് സൗത്ത് ഡല്‍ഹിയില്‍ നിന്ന് മത്സരിച്ചിരുന്നു. ബിജെപിയുടെ രമേഷ് ബിധുരിയാണ് 2019ല്‍ വിജേന്ദറിനെ പരാജയപ്പെടുത്തിയത്.

ഇക്കുറി ഹരിയാണയില്‍ മത്സരിക്കാന്‍ അവസരം ചോദിച്ചെങ്കിലും കോണ്‍ഗ്രസ് വിജേന്ദറിന് നല്‍കിയ മണ്ഡലം മഥുര ആയിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവിലാണ് വിജേന്ദര്‍ സിംഗ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജേന്ദര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.