രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തേണ്ട വിഗ്രഹം തിരഞ്ഞെടുത്തു; വികസന കുതിപ്പില്‍ അയോദ്ധ്യ പുതിയ ഊര്‍ജ്ജമാകുമെന്ന് മോദി

അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തേണ്ട വിഗ്രഹം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത് ക്ഷേത്ര ട്രസ്റ്റ്. മൂന്ന് ശില്പങ്ങളാണ് പ്രതിഷ്ഠയ്ക്കായി തയ്യാറാക്കിയിരുന്നത്. പ്രധാനമൂര്‍ത്തി രാംലല്ല അഥവാ ശ്രീരാമന്റെ ബാലക രൂപം ഉള്‍പ്പെടെ കൃഷ്ണ ശിലയിലും മാര്‍ബിളിലും തയ്യാറാക്കിയ മൂന്ന് ശില്പങ്ങളിലൊന്നാണ് തിരഞ്ഞെടുത്തത്.

തിരഞ്ഞെടുത്ത ശില്പം പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 വരെ രഹസ്യമാക്കി വയ്ക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ലോകം ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ വികസന കുതിപ്പില്‍ അയോധ്യ പുതിയ ഊര്‍ജ്ജമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വികസനവും പൈതൃകവും ചേര്‍ന്ന ശക്തിയാണ് രാജ്യത്തെ നയിക്കുന്നത്. ഉദ്ഘാടന ദിവസമായ ജനുവരി 22ന് അയോധ്യ സന്ദര്‍ശിക്കരുത്. എല്ലാ ഇന്ത്യക്കാരും ജനുവരി 22ന് വീട്ടില്‍ ദീപം തെളിയിക്കണമെന്നും 23 മുതല്‍ എപ്പോള്‍ വേണമെങ്കിലും അയോധ്യയിലേക്ക് വരാമെന്നും വിവിധ ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ച പൊതുയോഗത്തില്‍ മോദി പറഞ്ഞു.