സ്‌ഫോടന കേസിൽ പ്രതിയായ പ്രതിരോധ ശാസ്ത്രജ്ഞൻ കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

രോഹിണി ജില്ലാ കോടതിക്കുള്ളിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതിന് അറസ്റ്റിലായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശുചിമുറിയിലെ ഹാൻഡ് വാഷ് കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു.

പ്രതിയായ ഭരത് ഭൂഷൺ കതാരിയ (47) എയിംസിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.

തനിക്കെതിരെ നിരവധി കേസുകൾ ഫയൽ ചെയ്യുകയും അന്ന് കോടതി വളപ്പിൽ ഹാജരാകുകയും ചെയ്ത അയൽവാസിയെ കൊല്ലാൻ ഡിസംബർ 9 ന് രോഹിണി കോടതിക്കുള്ളിലെ ടിഫിൻ ബോക്സിൽ പരിഷ്കരിച്ച സ്ഫോടകവസ്തു (ഐഇഡി) വച്ചതിനാണ് ഡിആർഡിഒ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തത്.

പ്രതിയെ വെള്ളിയാഴ്ച ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ചോദ്യം ചെയ്യുകയും അതേ ദിവസം തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നുമുതൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി, ശുചിമുറിയിൽ വെച്ച് പ്രതി ലിക്വിഡ് ഹാൻഡ് വാഷ് കഴിക്കുകയും പിന്നീട് അബോധാവസ്ഥയിൽ ആവുകയുമായിരുന്നു. തുടർന്ന് ഛർദ്ദിയും വയറുവേദനയും ഉണ്ടായി. ഇയാളെ ഉടൻ തന്നെ ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ നിന്ന് എയിംസിലേക്ക് റഫർ ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പിടിക്കപ്പെട്ടാൽ ചോദ്യം ചെയ്യലിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നതിനെ കുറിച്ച് പ്രതി മുൻകൂട്ടി തയ്യാറെടുത്തിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭരത് ഭൂഷൺ കതാരിയ സ്ഥാപിച്ച ഐഇഡി 102-ാം നമ്പർ കോടതി മുറിയിൽ തീവ്രത കുറഞ്ഞ സ്‌ഫോടനത്തിന് കാരണമായി. നായിബ് കോടതിയിലെ ഹെഡ് കോൺസ്റ്റബിൾ രാജീവിന് സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. ഐഇഡി ശരിയായി നിർമ്മിക്കാത്തതിനാൽ ഡിറ്റണേറ്റർ മാത്രമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.