തരൂരിന്റെ മോദിയെ പുകഴ്ത്തൽ; ദേശീയ നേതൃത്വത്തിന് പരാതി നൽകി ഒരു വിഭാഗം നേതാക്കൾ, ലേഖനം പരിശോധിക്കുമെന്ന് സുധാകരൻ

ശശി തരൂർ എംപിയുടെ ലേഖനത്തിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിനെതിരെയാണ് പരാതി. തരൂരിൻറെ ലേഖനത്തെ പ്രതിപക്ഷ നേതാവ് പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ലേഖനം പരിശോധനിക്കുമെന്നും താൻ വായിച്ചിട്ടില്ലെന്നുമാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്.

അതേസമയം തരൂരിനെതിരെ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പരാതി നൽകില്ലെന്നാണ് സൂചന. ശശി തരൂരിന്റെ നിലപാ‍ട് പരസ്യമായി തന്നെ കോൺഗ്രസ് നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. തരൂരിൻറെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാർട്ടി നിലപാടല്ലെന്നും ദേശീയ വക്താവ് പവൻ ഖേര പ്രതികരിച്ചു. പാർട്ടിയുടെ നിലപാടല്ലെന്നും തീരുവ അടക്കമുള്ള വിഷയങ്ങളിൽ മോദിയെ ഇരുത്തി വിരട്ടിയ ട്രംപിൻറെ നയത്തോട് എങ്ങനെ യോജിക്കാനാകുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു.

മോദിയുടെ നയങ്ങൾക്കെതിരെ പാർലമെൻറിലും പുറത്തും കോൺഗ്രസ് നിലപാട് കടുപ്പിക്കുമ്പോഴാണ് തരൂരിൻറെ തലോടൽ എന്നത് കോൺഗ്രസ് നേതൃത്വത്തെ അപ്പാടെ ഞെട്ടിച്ചിട്ടുണ്ട്. മോദിയുടെ അമേരിക്കൻ സന്ദർശനത്തെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അടിമുടി വിമർശിക്കുമ്പോഴായിരുന്നു തരൂരിൻറെ പുകഴ്ത്തൽ എന്നതും ശ്രദ്ധേയമാണ്.

മോദിയുടെയും ട്രംപിൻറെയും പ്രസ്താവനകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും, വ്യാപാര മേഖലയിൽ സെപ്തംബർ, ഒക്ടോബർ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂർ പറഞ്ഞത്. തരൂരിൻറെ പ്രസ്താവനക്ക് പിന്നാലെ മോദി നയങ്ങൾക്കുള്ള അംഗീകാരമെന്ന വലിയ പ്രചാരണം ബിജെപി സമൂഹ മാധ്യമങ്ങളിൽ സജീവമാക്കിയിട്ടുണ്ട്. വിദേശകാര്യ വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കൾക്ക് ഒരു ഗ്രാഹ്യവുമില്ലെന്നും തരൂരിനെ അല്ല താൻ ഉദ്ദേശിച്ചതെന്നുമുള്ള പാർലമെൻറിലെ പ്രധാനമന്ത്രി ഈയിടെ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു.

നേരത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂർ കോൺഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത് മുതലിങ്ങോട്ട് തരൂരിൻറെ നീക്കങ്ങളെ ജാഗ്രതയോടെയാണ് കോൺഗ്രസ് കാണുന്നത്. പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയതു പോലും സമ്മർദ്ദത്തിൻറെ ഫലമായിരുന്നു. ഇനി മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയതിൽ എന്ത് നടപടിയുണ്ടാകുമെന്ന് കണ്ടറിയണം.

Read more