സുപ്രീംകോടതിക്ക് നന്ദി; വിഷമ കാലഘട്ടത്തില്‍ ജനാധിപത്യത്തെ രക്ഷിച്ചു; ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പ് വിധിയില്‍ അരവിന്ദ് കെജ്‌രിവാൾ

ചണ്ഡിഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ച സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. വിഷമ കാലഘട്ടത്തില്‍ കോടതി ജനാധിപത്യത്തെ രക്ഷിച്ചെന്നും കേജ്രിവാള്‍ എക്‌സില്‍ കുറിച്ചു.
ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ബിജെപി വിജയിച്ച ഫലം റദ്ദാക്കി എഎപി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത്.

വരണാധികാരിക്ക് സുപ്രീംകോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അസാധുവായ എട്ട് വോട്ടുകളും സാധുവായി കണക്കാക്കും.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് വോട്ടുകള്‍ പരിശോധിച്ച് കുല്‍ദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിംഗ് ഓഫീസര്‍ അനില്‍ മസീഹിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇയാള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

ബാലറ്റ് പേപ്പറുകളും വോട്ടെണ്ണലിന്റെ ദൃശ്യങ്ങളും ഹാജരാക്കാന്‍ കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വീണ്ടും വോട്ടെടുപ്പ് നടത്താമെന്ന് ചണ്ഡിഗഢ് ഭരണകൂടം അറിയിച്ചിരുന്നെങ്കിലും കോടതി എതിര്‍ത്തു. കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ റിട്ടേണിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.