ലാറയും അക്കാമസും ഇനി ഇന്ത്യയിൽ ജീവിക്കും; സൈപ്രസിൽ നിന്ന് സ്വന്തമാക്കാൻ പകരം നൽകിയത് റെഡ് പാണ്ടകളെ

12 വർഷത്തിന് ശേഷം സൈബീരിയൻ കടുവകളെ സ്വന്തമാക്കി ഇന്ത്യ. സൈപ്രസിലെ മൃഗശാലയിൽ നിന്നും വിമാനമാർഗം ഡാർലജിങ്ങിലെ പദ്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിലാണ് കടുവകളെ എത്തിച്ചത്. ലാറ, അക്കാമസ് എന്നീ പേരുകളുള്ള കടുവകൾ ഇനി ഇന്ത്യയിൽ ജീവിക്കും. ഒന്നരവർഷം മുമ്പാണ് സൈബീരിയൻ കടുവയെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. തുടർന്ന് ഇപ്പോഴാണ് നടപടിയുണ്ടായത്.

പദ്മജ നായിഡു പാർക്കിൽ 2007 -ൽ ഒരു സൈബീരിയൻ കടുവ ചത്തിരുന്നു. ഇതിന്‍റെ കൂട്ടിന് അല്പം മാറ്റം വരുത്തി പുതിയ കടുവകളെ പാർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്വാറന്‍റീൻ, ആരോഗ്യപരിശോധന തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും ഇവയെ കൂട്ടിലേക്ക് എത്തിക്കുക.ലോകമെമ്പാടുമുള്ള മൃഗശാലകളിലും സുവോളജിക്കൽ പാർക്കുകളിലും മറ്റുമായി നൂറുകണക്കിന് സൈബീരിയൻ കടുവകളെ ഇന്ന് സംരക്ഷിക്കുന്നുണ്ട്.

സൈപ്രസിലെ പാഫോസ് മൃഗശാലയക്ക് ഒരു ജോഡി റെഡ് പാണ്ടകളെ നൽകിയാണ് ഇന്ത്യ രണ്ട് സൈബീരിയൻ കടുവകളെ വാങ്ങിയത്. ലോകത്തെ ഏറ്റവും വലുപ്പമുള്ള കടുവ ഇനമാണ് ബൈബീരിയൻ കടുവ. കിഴക്കൻ റഷ്യയിലെയും വടക്കുകിഴക്കൻ ചൈനയിലെയും പ്രിമോറി, ഖബറോവ്സ്ക് പ്രദേശങ്ങളിലെ തണുത്ത കാലാവസ്ഥാ വനങ്ങളിലാണ് ഇവയെ പ്രധാനമായും കാണുക. 600-ൽ താഴെ സൈബീരിയൻ കടുവകൾ മാത്രമാണ് ഇന്ന് ഈ പ്രദേശങ്ങളില്‍ അവശേഷിക്കുന്നത്.

സൈബീരിയൻ കടുവകളെ പാര്‍പ്പിക്കുന്ന പത്മജാ നായിഡു പാർക്ക് രാജ്യത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സുവോളജി പാർക്കാണ്. റെഡ് പാണ്ട, ഹിമപ്പുലി പോലുള്ള വന്യജീവികളുടെ കാപ്റ്റീവ് ബ്രീഡിംഗ് ഇവിടെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലെ അവസാനത്തെ സൈബീരിയൻ കടുവയായ 18 വയസുള്ള കുനാൽ ചട്ടം, നൈറ്റിനാൾ മൃഗശാലയിൽ വച്ച് 2011 ല്‍ അസുഖത്തെ തുടർന്നാണ് ചത്തത്. മൂന്ന് വയസ്സുള്ളപ്പോഴാണ് കുനാലിനെ ഇന്ത്യയിലെത്തിച്ചത്.