മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതി നടപടി. അതേസമയം പ്രതികളെ ഉടൻ ജയിൽ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടില്ല.
ജസ്റ്റിസുമാരായ എംഎം സുന്ദരേശ്, എൻകെ സിങ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മഹാരാഷ്ട്ര സംസ്ഥാനത്തിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ, അഭിഭാഷകൻ ഋഷികേശ് ഹരിദാസ് എന്നിവർ ഹാജരായി. ആറ് മലയാളികൾ അടക്കം 180 ലധികം പേർ കൊല്ലപ്പെട്ട സ്ഫോടനക്കേസിലാണ് ഹൈക്കോടതി 12 പ്രതികളെ വിട്ടയച്ചത്.
വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷനെതിരെ ബോംബൈ ഹൈക്കോടതി അതിരൂക്ഷ വിമർശനം ഉയർത്തിയിരുന്നു. വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച അഞ്ചുപേരെയും ജീവപര്യന്തം തടവിന് വിധിച്ച ഏഴുപേരെയുമാണ് തിങ്കളാഴ്ച ഹൈക്കോടതി വെറുതേവിട്ടത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികൾ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ഹൈക്കോടതി പറഞ്ഞു.
2006 ജൂലൈ 11 ന്, 11 മിനിറ്റുകൾക്കിടെ മുംബൈയിലെ പല ലോക്കൽ ട്രെയിനുകളിലായി ഏഴ് ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്. സ്ഫോടനത്തിന് നാശനഷ്ടങ്ങൾ വർദ്ധിപ്പിക്കുന്നതിനായി റിഗ്ഗ്ഡ് പ്രഷർ കുക്കറുകൾ ഉപയോഗിച്ചു. ആദ്യ സ്ഫോടനം വൈകുന്നേരം 6.24 നാണ് ഉണ്ടായത്. അവസാനത്തേത് വൈകുന്നേരം 6.35 നും. ചർച്ച്ഗേറ്റിൽ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാർട്ടുമെന്റുകളിലാണ് ബോംബുകൾ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി എന്നീ സ്റ്റേഷനുകൾക്ക് സമീപത്തു വച്ചാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.
Read more
2015ൽ വിചാരണ കോടതി സ്ഫോടനക്കേസിൽ 12 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, എഹ്തെഷാം സിദ്ദുഖി, നവീദ് ഖാൻ എന്നീ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് അലി, ഡോ. തൻവീർ അൻസാരി, മജിദ് ഷാഫി, മുസമ്മിൽ ഷെയ്ഖ്, സൊഹൈൽ ഷെയ്ഖ്, സമീർ ഷെയ്ഖ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.







