മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാം; തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്താൻ തമിഴ്‌നാടിന് മരം മുറിക്കാൻ അനുമതി നൽകി സുപ്രീംകോടതി. മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്താമെന്നാണ് സുപ്രീംകോടതി നിർദേശം. മേല്‍നോട്ടസമിതി ശിപാര്‍ശ ചെയ്ത അറ്റകുറ്റപ്പണികള്‍ അണക്കെട്ടിൽ നടത്തണമെന്നും നിർദേശമുണ്ട്.

കേരളത്തിലെ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിലാകണം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പണി നടക്കുന്ന സ്ഥലത്ത് കേരളത്തിലെ ഉദ്യോഗസ്ഥൻ്റെ സാന്നിധ്യം ഉറപ്പാക്കണം. ഇതിനായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ റോഡ് നിർമ്മിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. റോഡ് കേരളം നിർമ്മിക്കാനും ചെലവ് തമിഴ്‌നാട് വഹിക്കാനുമാണ് നിർദേശം. ഡോർമിറ്ററിയുടെ അറ്റക്കുറ്റപണി നടത്താനും തമിഴ്‌നാടിന് അനുവാദം നൽകി.

മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തിൽ കേരളം എതിര് നിൽക്കുന്നുവെന്ന വാദമുയർത്തിയാണ് തമിഴ്നാട് സുപ്രീം കോടതിയിൽ വാദിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള തമിഴ്നാടിൻറെ അപേക്ഷ കേരളം കേന്ദ്രത്തിന് അയക്കണമെന്നും മൂന്നാഴ്‌ചക്കകം കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നുമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Read more